ലക്നൗ: രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൈഫ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. പക്ഷെ അത് 2027 ഏകദിന ലോകകപ്പിന് ശേഷമായിരിക്കുമെന്നായിരുന്നു കരുതിയത്. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് ഇനിയും സമയം നല്‍കാമായിരുന്നു.

ഫിറ്റ്നെസിന്‍റെ കാര്യത്തിലും രോഹിത് ഇപ്പോള്‍ വളരെയേറെ മെച്ചെപ്പെട്ടിട്ടുണ്ട്. ഇത്രയും തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അധിക ഉത്തരവാദിത്തമാണ് ഗില്ലിന്‍റെ തലയില്‍ സെലക്ടര്‍മാര്‍ വെച്ചുകൊടുത്തിരിക്കുന്നത്. 

ടെസ്റ്റ് ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനവുമാണ് ഗില്ലിന് തിടുക്കപ്പെട്ട് നല്‍കിയത് സൂര്യകുമാര്‍ യാദവ് സ്ഥാനമൊഴിയുമ്പോള്‍ ടി20 ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനവും സ്വാഭാവികമായും ഗില്ലിന്‍റെ ചുമലിലാവും.

Leave a Reply

Your email address will not be published. Required fields are marked *