മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകഗുച്ചി എന്നിവര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം.

രോഗപ്രതിരോധ സംവിധാനത്തിന്‍റെ സുരക്ഷാ ഗാർഡുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെഗുലേറ്ററി ടി സെല്ലുകളെയാണ് ഗവേഷണത്തില്‍ തിരിച്ചറിഞ്ഞത്.ശരീരത്തിൽ അതിക്രമിച്ച് കയറുന്ന സൂക്ഷ്മാണുക്കളിൽനിന്ന് നമുക്ക് പ്രതിരോധം നല്‍കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനമാണ്.

എന്നാല്‍ ചില ഘട്ടങ്ങളില്‍ നമ്മുടെ ശരീരത്തിന്‍റെ ഭാഗങ്ങളെ തന്നെ ശത്രുക്കളെന്ന് തെറ്റായി തിരിച്ചറിഞ്ഞ് രോഗപ്രതിരോധ സംവിധാനം ആക്രമിക്കാറുണ്ട്. ഇതാണ് ‘ഓട്ടോഇമ്മ്യൂൺ’ എന്ന അവസ്ഥ. അതിനാല്‍ തന്നെ നമ്മുടെ രോഗപ്രതിരോധ സംവിധാനം എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്ന് എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.

ഈ പഠനത്തിലാണ് റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞത്. ഈ കോശങ്ങളാണ് നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് പ്രതിരോധ കോശങ്ങളെ തടയുന്നത്.

പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ട് ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരുന്നില്ല എന്നിവയ്ക്കുള്ള ഉത്തരമായിരുന്നു ഗവേഷണം.ചികില്‍സാരംഗത്ത് വിപ്ലവത്തിന് തന്നെ ഈ കണ്ടെത്തല്‍ വലിയ ചുവടുവയ്പ്പായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ ചികില്‍സാരംഗത്തും കാൻസർ ചികിത്സയിലെ ഗവേഷണങ്ങള്‍ക്കും കണ്ടെത്തല്‍‌ നിര്‍‌ണായകമാകും. സ്റ്റെം സെൽ ട്രാൻസ്പ്ലാൻറുകൾക്ക് ശേഷമുള്ള ഗുരുതരമായ സങ്കീർണതകൾ തടയാനും പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളും വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *