ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് ഗാസ സമാധാന പദ്ധതി ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ പ്രതിസന്ധിയായി മാറുന്നു. ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള ചർച്ച ഈജിപ്തിൽ പുരോഗമിക്കുമ്പോൾ, ഇസ്രയേലിൽ കാര്യങ്ങൾ നെതന്യാഹുവിന് തിരിച്ചടിയാകുകയാണ്.
സർക്കാരിന് പിന്തുണ നൽകുന്ന തീവ്ര വലതുപക്ഷ പാർട്ടികൾ ഒരുവശത്ത് ട്രംപിന്‍റെ പ്ലാനിനെതിരെ നിലപാട് കടുപ്പിക്കുമ്പോൾ മറുവശത്ത് പ്രതിപക്ഷ പാർട്ടികൾ ‘ട്രംപ് പ്ലാൻ’ എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.
ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികൾ ഈ വെല്ലുവിളി നടത്തിയത്. നേരത്തെ കൂട്ടുകക്ഷി സർക്കാരിലെ തീവ്ര വലതുപക്ഷം ട്രംപ് പ്ലാനുമായി മുന്നോട്ടുപോയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന കാര്യമടക്കം ആലോചിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.
ഇരുവശത്ത് നിന്നും സമ്മർദ്ദം ശക്തമായതോടെ നെതന്യാഹു സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ.
