കയ്റോ ∙ ഗാസ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിൽ ചേർന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെപ്പറ്റിയും പരാമർശിച്ചു. തന്റെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളതെന്നും ഇന്ത്യയും പാക്കിസ്ഥാനും നന്നായി മുന്നോട്ടുപോകുമെന്നാണു താൻ കരുതുന്നതെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കി ട്രംപ് പറഞ്ഞു.
ചിരി മാത്രമായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ മറുപടി.ഗാസയിൽ ശേഷിച്ച 20 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേലും ഇന്നലെ മോചിപ്പിച്ചു.
കഴിഞ്ഞയാഴ്ച ധാരണയായ ഗാസ വെടിനിർത്തൽ കരാർ ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ എന്നീ മധ്യസ്ഥരായ രാഷ്ട്രനേതാക്കളാണു കരാറിൽ ഒപ്പിട്ടത്. വിശുദ്ധനാട്ടിൽ സമാധാനമായെന്ന് ട്രംപ് പറഞ്ഞു.