ന്യൂയോര്‍ക്ക്: യുക്രൈനുമായിട്ടുള്ള കലാപം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായില്ലെങ്കിൽ യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്താണ് ഈ ടോമാഹോക്ക് മിസൈലുകൾ എന്ന് നോക്കാം.
അമേരിക്കയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ ആയുധമാണ് ടോമാഹോക്ക് ക്രൂയിസ് മിസൈൽ. 2,500 കിലോമീറ്റർ ദൂരെയുള്ള ടാർഗറ്റിനെ ലക്ഷ്യമിടാൻ ശേഷിയുള്ളതാണ് ഈ മിസൈലുകൾ.
എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാനാകും എന്നതാണ് ടോമോഹോക്ക് മിസൈലിന്റെ ഒരു പ്രത്യേകത. 20 അടി നീളവുമുള്ള ഈ ക്രൂയിസ് മിസൈലുകളുടെ ചിറകുകൾക്ക് 6.5 അടി വിസ്തൃതിയുണ്ട്. ഏകദേശം 1,510 കിലോയാണ് ഈ മിസൈലിന്റെ ഭാരം. 1.3 മില്യൺ ഡോളറാണ് ടോമാഹോക്കിന്റെ വില.കപ്പലുകളിൽ നിന്ന് വിക്ഷേപിക്കാവുന്ന രീതിയിലാണ് ഈ മിസൈലുകളുടെ നിർമ്മാണം.
അന്തർവാഹിനികളിൽ നിന്നും ഇവ വിക്ഷേപിക്കാനാകും. വമ്പൻ സുരക്ഷാ സന്നാഹങ്ങളുള്ള വ്യോമാതിർത്തിയിൽ പോലും എതിരാളികളെ ടാർഗറ്റ് ചെയ്യാൻ ടോമാഹോക്കിന് കഴിയും.
ജിപിഎസ്, ഇനേർഷ്യൽ നാവിഗേഷൻ, ടെറൈൻ കോണ്ടൂർ മാപ്പിങ് പോലെയുള്ള സംവിധാനങ്ങൾ ഈ മിസൈലുകളുടെ പ്രവർത്തനത്തിന് കൂടുതൽ കൃത്യത കൊണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ടാർഗറ്റിൽനിന്ന് മീറ്ററുകളുടെ വ്യത്യാസത്തിൽ പോലും ആക്രമണം നടത്താൻ ഇവയ്ക്ക് കഴിയും.