പട്‌ന: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി ജെഡിയു 57 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. ചിരാഗ് പാസ്വാന്റെ പാര്‍ട്ടി ആവശ്യപ്പെട്ട അഞ്ച് സീറ്റുകളിലടക്കമാണ് ജെഡിയു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി സീറ്റ് വിഭജനം സംബന്ധിച്ച് ദിവസങ്ങളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പട്ടിക പുറത്തിറക്കിയത്.

അനന്ത് കുമാര്‍ സിംഗ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ നേതാക്കളും ജെഡിയുവിന്റെ ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആദ്യ പട്ടികയില്‍ നാല് വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്.243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും 101 സീറ്റുകളില്‍ വീതം മത്സരിക്കുമെന്നാണ് വിവരം.

ബാക്കിയുള്ള സീറ്റുകള്‍ ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി (റാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവര്‍ക്കായി വിഭജിച്ചിരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ചില്‍ അഞ്ചും നേടിയ ചിരാഗ് പാസ്വാന്‍, ഇത്തവണ കടുത്ത വിലപേശലാണ് നടത്തിയത്.

2020ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തനിച്ച് മത്സരിക്കുകയും പല മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു.ജെഡിയു ഇപ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച അഞ്ച് സീറ്റുകളെങ്കിലും സീറ്റ് വിഭജനത്തിന്റെ ഭാഗമായി ചിരാഗ് പാസ്വാന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

മോര്‍വ, സോന്‍ബര്‍സ, രാജ്ഗിര്‍, ഗായ്ഘട്ട്, മതിഹാനി എന്നിവയാണ് ഇരുപാര്‍ട്ടികളും നോട്ടമിട്ടിരുന്നത്. ഈ സീറ്റുകളിലെല്ലാം ജെഡിയു ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

2020ലെ തിരഞ്ഞെടുപ്പില്‍ മോര്‍വയിലും ഗായ്ഘട്ടിലും ആര്‍ജെഡിയും രാജ്ഗിറിലും സോന്‍ബര്‍സയിലും ജെഡിയുവുമാണ് വിജയിച്ചത്. മതിഹാനിയില്‍ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ രാജ്കുമാര്‍ സിംഗ് വിജയിച്ചെങ്കിലും പിന്നീട് അദ്ദേഹം ജെഡിയുവിലേക്ക് കൂറുമാറി.

Leave a Reply

Your email address will not be published. Required fields are marked *