കാബൂള്‍: പാകിസ്താന് – അഫ്ഗാനിസ്താന് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. 15 അഫ്ഗാന് പൗരന്മാരും ആറ് പാക് അര്‍ധസൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്താന്റെ ആറ് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സാധാരണക്കാരായ 15 അഫ്ഗാന് പൗരന്മാര് കൊല്ലപ്പെടുകയും എണ്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച രാത്രി അഫ്ഗാന് സൈന്യവും പ്രാദേശിക തീവ്രവാദികളും നടത്തിയ അതിര്‍ത്തി കടന്നുള്ള വെടിവെപ്പിന് തങ്ങളുടെ സൈന്യം തിരിച്ചടിച്ചതായി പാകിസ്താന് പറഞ്ഞു. ഖുറം പ്രദേശത്ത് നടന്ന വെടിവെപ്പില്‍ നിരവധി താലിബാന്‍കാരെ കൊലപ്പെടുത്തുകയും അവരുടെ പോസ്റ്റുകളും ടാങ്കും തകര്‍ക്കുകയും ചെയ്തതായി പാകിസ്താന് അവകാശപ്പെടുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് അഫ്ഗാനില്‍ പാകിസ്താന് സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി, അഫ്ഗാന് അതിര്‍ത്തിയില്‍ പാക് സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് അവകാശപ്പെട്ടപ്പോള്‍, മരണസംഖ്യ 23 ആണെന്ന് പാകിസ്താന് പറഞ്ഞു.
പ്രത്യാക്രമണത്തില്‍ ഇരുന്നൂറിലധികം താലിബാന്‍കാരെയും സൈനികരെയും വധിക്കാന്‍ കഴിഞ്ഞതായും പാകിസ്താന് കൂട്ടിച്ചേര്‍ത്തു. പിന്നാലെ 12-ന് അഫ്ഗാനും പാകിസ്താനുമിടയിലുള്ള അതിര്‍ത്തി ക്രോസിങ്ങുകള്‍ അടച്ചു.
തുടര്‍ന്ന് ഖത്തറും സൗദി അറേബ്യയും ഇടപെട്ട് ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം നിര്‍ത്തിവെച്ചിരുന്നു.