പ്രണയവും സൗഹൃദവും എല്ലാ തലമുറയ്ക്കും അനിർവ്വചനീയമായൊരു കാര്യമാണ്. ജീവിതയാത്രയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇതിലൂടെയൊക്കെ പോയവരായിരിക്കും എല്ലാവരും. പ്രണയത്തിനും സൗഹൃദത്തിനും ഇടയിൽ കുരുങ്ങിപ്പോകുന്ന അപൂർവ്വം ചിലരെങ്കിലുമുണ്ട്. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ കുരുങ്ങിപ്പോകുന്നവർ.
പ്രദീപ് രംഗനാഥൻ നായകനായെത്തിയിരിക്കുന്ന ‘ഡ്യൂഡ്’ എന്ന സിനിമയിൽ മമിത ബൈജു അവതരിപ്പിച്ചിരിക്കുന്ന കുരൽ എന്ന കഥാപാത്രം ഈയൊരവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്.ഒട്ടേറെ സിനിമകളിൽ മുമ്പും ഇത്തരത്തിലുള്ള നായിക കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായി ‘ഡ്യൂഡ്’ എന്ന സിനിമയിൽ മമിത അസാധ്യമായ അഭിയനമുഹൂർത്തങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
മമിത ചിരിക്കുമ്പോള്‍ നമ്മളും ചിരിക്കും, കരയുമ്പോള്‍, മനമിടറുമ്പോൾ നമ്മുടെ തൊണ്ടയുമിടറും. ഒരു അഭിനേതാവ് വിജയിക്കുന്നത് അപ്പോഴാണ്. സ്ക്രീനിൽ അവരുടെ അഭിനയം കണ്ട് പ്രേക്ഷകർക്കത് അനുഭവമായി മാറുമ്പോള്‍. മമിത അതിൽ വിജയിച്ചിരിക്കുകയാണ്.
സൂപ്പർശരണ്യയും പ്രേമലുവും ഉള്‍പ്പെടെയുള്ള ഒട്ടേറെ സിനിമകളിൽ നമ്മള്‍ മമിതയുടെ വേഷപ്പകർച്ചകള്‍ കണ്ടതാണ്. അതിൽ നിന്നൊക്കെ വിഭിന്നമായി ഏറെ അഭിനായപ്രാധാന്യമുള്ളൊരു വേഷമാണ് ഡ്യൂഡിലേത്. ഏറെ പക്വമായി തനിക്ക് ലഭിച്ച വേഷം മമിത കൈകാര്യം ചെയ്തിട്ടുണ്ട്.
കോമഡിയും ഇമോഷനുമൊക്കെ അനായാസമായി ചിത്രത്തിൽ താരം ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലാകെ കൈ നിറയെ സിനിമകളുമായി മമിത ബൈജു ഇപ്പോള്‍ തെന്നിന്ത്യൻ താരറാണിയാകാനായി ഒരുങ്ങുകയാണ്.ഡ്യൂഡ്’ സിനിമയ്ക്ക് പിന്നാലെ ജനനായകൻ, സൂര്യ 46, ഡി 54… തുടങ്ങിയ സിനിമകളിലും നായികയായെത്താനൊരുങ്ങുകയാണ് മമിത.
