ബെംഗളൂരു: ഐപിഎല്‍ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഉടമകളായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ വില്‍ക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നിനെ സ്വന്തമാക്കാന്‍ അദാനി ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ രംഗത്തെത്തിയതായി സൂചന. 

 ആറോളം വമ്പന്‍മാരാണ് ആര്‍സിബിയില്‍ താല്‍പര്യം അറിയിച്ചിരിക്കുന്നതെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അദാര്‍ പൂനാവാല, ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന്‍റെ പാര്‍ത്ഥ് ജിന്‍ഡാല്‍, അദാനി ഗ്രൂപ്പ്, ഡല്‍ഹി അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായ പ്രമുഖന്‍, രണ്ട് യുഎസ് ഓഹരി കമ്പനികള്‍ എന്നിവരാണ് രംഗത്തുള്ളതെന്നാണ് സൂചന.അതേസമയം, ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹ ഉടമകളായ പാര്‍ഥ് ജിന്‍ഡാലിന് ആര്‍സിബിയെ സ്വന്തമാക്കാന്‍ എളുപ്പമാകില്ലെന്നു സൂചനയുണ്ട്.

ജിഎംആര്‍ ഗ്രൂപ്പിനൊപ്പം 50 ശതമാനം ഓഹരി പങ്കാളിത്തമാണ് ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന് ഡല്‍ഹി ക്യാപിറ്റല്‍സിലുള്ളത്. ആര്‍സിബിയെ സ്വന്തമാക്കണമെങ്കില്‍ ജെഎസ്ഡബ്ല്യു ഡല്‍ഹി ക്യാപിറ്റല്‍സിലെ ഓഹരി പങ്കാളിത്തം ഒഴിയേണ്ടിവരും.

ഗുജറാത്ത് ടൈറ്റന്‍സിനെ സ്വന്തമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അദാനി ഗ്രൂപ്പാണ് ആര്‍സിബിയെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്തുള്ള മറ്റൊരു ടീം. വനിതാ ഐപിഎല്ലില്‍ ഗുജറാത്ത് ജയന്‍റ്സ് ടീമിനെ നേരത്തെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു, യുഎഇയിലെ ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലും അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്.

നേരത്തെ ആര്‍സിബി ഐപിഎല്‍ ചാമ്പ്യൻമാരായതിന് പിന്നാലെയും ടീം വില്‍ക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ടീം ഉടമകള്‍ തന്നെ ഇത് നിഷേധിച്ചു.കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും വ്യവസായിയുമായ വിജയ് മല്യായായിരുന്നു ആര്‍സിബിയുടെ ആദ്യ ഉടമ.

11.1 കോടി ഡോളറിനായിരുന്നു 2008ല്‍ മല്യ ആര്‍സിബിയെ സ്വന്തമാക്കിയത്. എന്നാല്‍ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയുമാണ് ആര്‍സിബിയെ യുനൈറ്റഡ് ബ്രുവറീസിന്‍റെ മാതൃസ്ഥാപനമായ ഡിയാജിയോയുടെ ഉടമസ്ഥതയിലെത്തിച്ചത്.

നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ സീസണിലാണ് ആര്‍സിബി ആദ്യമായി ഐപിഎല്‍ ചാമ്പ്യൻമാരായത്.

Leave a Reply

Your email address will not be published. Required fields are marked *