മുംബൈ: ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനായതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ ടി20യിൽ വൈസ് ക്യാപ്റ്റാക്കിയതോടെ ടി20 നായകസ്ഥാനം നഷ്ടമാകുമെന്ന് തനിക്ക് ഭയമുണ്ടെന്ന് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ആ ഭയം തന്നെ കൂടുതല്‍ കൂടുതല്‍ മികച്ച പ്രകനം നടത്താന്‍ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
രണ്ട് ഫോര്‍മാറ്റില്‍ നായകനാവുകയും ടി20യില്‍ വൈസ് ക്യാപ്റ്റനാകുകയും ചെയ്തതോടെ സത്യം പറഞ്ഞാല്‍ എനിക്കും ഭയമുണ്ട്, ടി20 നായകസ്ഥാനം കൈവിടേണ്ടിവരുമോ എന്ന്. പക്ഷെ അത് നമ്മെ തന്നെ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നതാണ്.
ഞാനും അവനും തമ്മില്‍ ഗ്രൗണ്ടിലും പുറത്തും അടുത്ത സൗഹൃദം പുലരത്തുന്നവരാണ്. അവനെ വ്യക്തിപരമായും കളിക്കാരനെന്ന നിലയിലും എനിക്ക് നല്ലപോലെ അറിയാം. ഞങ്ങള്‍ തമ്മിലുള്ള സൗഹൃവും അത്തരത്തിലുള്ളതാണ്. ഗില്ലിനെ രണ്ട് ഫോര്‍മാറ്റിലും നായകനായി തെരഞ്ഞെടുത്തതില്‍ സന്തോഷം മാത്രമെയുള്ളൂവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഭയം എന്‍റെ കളിയെ ബാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പന്തുപോലും ഞാന്‍ നേരിടില്ലായിരുന്നു. രാജ്യാന്തര ടി20യില്‍ അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്താൻ എനിക്ക് കഴിഞ്ഞതും ഇത്തരം ഭയമില്ലായ്മ കൊണ്ടുതന്നെയാണ്.
അല്ലായിരുന്നെങ്കില്‍ ഒരിക്കലും ഞാൻ ആ ഷോട്ട് കളിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനം നഷ്ടമാകുമെന്ന ഭയമൊക്കെ എന്നേ ഉപേക്ഷിച്ചതാണ്. കഠിനാധ്വാനം ചെയ്താല്‍ അതിന് ഫലം ഉണ്ടാകുമെന്ന് മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു
