തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-മഹാരാഷ്ട്ര മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാന ദിനം മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സില്‍ നില്‍ക്കെ ഇരു ടീമും സമനിലക്ക് സമ്മതിക്കുകയായിരുന്നു.
പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സിദ്ദേശ് വീര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മഹാരാഷ്ട്രയെ ശക്തമായ നിലയിലെത്തിച്ചത്. പൃഥ്വി ഷാ 75 റണ്‍സെടുത്തപ്പോള്‍ സിദ്ദേശ് വീറും റുതുരാജ് ഗെയ്ക്വാദും 55 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. പൃഥ്വി ഷാക്ക് പുറമെ 34 റണ്‍സെടുത്ത അര്ഷിന് കുല്‍ക്കര്‍ണിയുടെ വിക്കറ്റാണ് മഹാരാഷ്ട്രക്ക് അവസാന ദിനം നഷ്ടമായത്.
മത്സരത്തില്‍ 20 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മഹാരാഷ്ട്ര 3 പോയന്റ് സ്വന്തമാക്കിയപ്പോൾ കേരളത്തിന് ഒരു പോയന്റ് മാത്രമെ നേടാനായുള്ളു.