ഏകദിന ക്യാപ്റ്റനായതിന് ശേഷമുള്ള ശുഭ്മാൻ ഗില്ലിന്റെ ആദ്യ മത്സരത്തിൽ തോൽവിയേറ്റ് വാങ്ങി ഇന്ത്യ. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് ഇന്ത്യ തോറ്റത്.
ഏഴ് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.ഓസ്ട്രേലിയക്കായി നായകൻ മിച്ചൽ മാർഷ് 46 റൺസ് നേടി പുറത്താകാതെ നിന്നു. 22ാം ഓവറിലായിരുന്നു ഓസീസ് വിജയം. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് നേടി. ജോഷ് ഫിലിപ്പ് 37 റൺ്സ നേടി. 21 റൺസുമായി മാറ്റ് റെൻഷാ പുറത്താകാതെ നിന്നു.
തുടർച്ചയായ മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടിയിരുന്നു. എന്നാൽ ഡി ആർ എസ് പ്രകാരം ഓസീസ് വിജയ ലക്ഷ്യം 131 ആക്കി പുനർ നിശ്ചയിക്കുകയായിരുന്നു.
കെ എൽ രാഹുൽ (38 ), അക്സർ പട്ടേൽ(31), അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡി (19) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട ഈ സ്കോർ സമ്മാനിച്ചത്. മാത്യു കുനെമാൻ, ജോഷ് ഹേസൽവുഡ്, മിച്ചൽ ഓവൻ എന്നിവർ ഓസീസിനായി രണ്ട് വിക്കറ്റ് വീതം നേടി.
