സാന്‍റിയാഗോ: അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ അർജന്‍റീനയെ വീഴ്ത്തി മൊറോക്കോ ചാംപ്യന്മാർ; ചിലിയിൽ നടന്ന ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് മൊറൊക്കൊയുടെ ചരിത്രജയം. പോർച്ചുഗീസ് ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന യാസിർ സാബിരി ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് വിജയികളെ നിര്‍ണയിച്ചത്.
പന്ത്രണ്ടാ മിനിറ്റിലും 29-ാം മിനിറ്റിലുമായിരുന്നു സിബിരിയുടെ ഇരട്ട പ്രഹരം. ടൂർണമെന്‍റിൽ അഞ്ച് ഗോളുകൾ ആണ് സാബിരി നേടിയത്.2009ല്‍ ഘാന ചാംപ്യന്‍മാരായശേഷം ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം അണ്ടർ 20 ഫുട്ബോളിൽ ലോക ചാമ്പ്യന്മാർ ആകുന്നത്.
ടൂർണമെന്‍റിൽ സ്വപ്നക്കുതിപ്പ് നടത്തിയ മോറോക്കോ ബ്രസീൽ,സ്‌പെയിൻ, മെക്സിക്കോ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ ഒന്നാമന്‍മാരായാണ് മുന്നേറിയത്. പിന്നീട് നോക്കൗട്ട് ഘട്ടത്തില്‍ ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക എന്നിവരെയും തോൽപ്പിച്ചിരുന്നു.
ടൂര്‍ണമെന്‍റില്‍ പരാജയമറിയാതെ കുതിച്ച അര്‍ജന്‍റീനയുടെ ആദ്യ തോല്‍വിയായിരുന്നു ഫൈനലിലേത്. സൂപ്പര്‍ താരങ്ങളായ ബയേര്‍ ലെവര്‍കൂസന്‍റെ ക്ലോഡിയോ എച്ചവേരി, റയല്‍ മാഡ്രിഡിന്‍റെ ഫ്രാങ്കോ മസ്റ്റാൻടൗണോ എന്നിവരില്ലാതെയാണ് അര്‍ജന്‍റീന കിരീടപ്പോരിന് ഇറങ്ങിയത്.
