ബെംഗളൂരു: ഒല ഇലക്ട്രിക്‌സിലെ എഞ്ചിനീയര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനെതിരെ കേസെടുത്ത് പൊലീസ്. ഭവിഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. ഒല സീനിയര്‍ ഓഫീസര്‍ സുബ്രത കുമാര്‍ ദാസിനെതിരെയും കേസെടുത്തിട്ടുണ്ട്.

സെപ്റ്റംബര്‍ 28-നാണ് കോറമംഗലയിലുളള ഒല ഇലക്ട്രിക്‌സിലെ ഹോമോലോഗേഷന്‍ എഞ്ചിനീയര്‍ കെ അരവിന്ദ് ജീവനൊടുക്കിയത്. പിന്നാലെ 28 പേജുളള അരവിന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു.

അതിനുപിന്നാലെയാണ് ഭവിഷ് അഗര്‍വാളിനും സുബ്രത് കുമാറിനുമെതിരെ കേസെടുത്തത്.ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിലെ വസതിയില്‍ അരവിന്ദിനെ (38) വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാക്കുറിപ്പില്‍ ഭവിഷ് അഗര്‍വാളിനും സുബ്രത് ദാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്.

ഇരുവരും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ശമ്പളവും അലവന്‍സുകളും നിഷേധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. ഇതാണ് അരവിന്ദിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് സഹോദരന്‍ പരാതി നല്‍കുകയായിരുന്നു.

അരവിന്ദ് മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 17.46 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടിരുന്നു. ഇതേപ്പറ്റി കമ്പനിയുടെ എച്ച്ആറിനോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *