തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോര്‍ട്ട് നല്‍കും. ആദ്യ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് എസ്‌ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടാളികളും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് റിപ്പോര്‍ട്ടിലുണ്ടാകും. സംസ്ഥാനത്തിന് പുറത്ത് സ്വര്‍ണ്ണം വിറ്റെന്ന സംശയവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കും.സ്വര്‍ണം എന്ത് ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ടാകും. ഇന്നലെയും ഇന്നുമായി നിരവധിപ്പേരെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

മറ്റ് സ്‌പോണ്‍സര്‍മാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്ന വിവരവും പുറത്ത് വരുന്നുണ്ട്. മഹസറില്‍ ഒപ്പിട്ട ആര്‍ രമേശ് അടക്കമുള്ളവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ രണ്ടാം ദിനവും ചോദ്യം ചെയ്യും. പല ചോദ്യങ്ങള്‍ക്കും അനന്തസുബ്രഹ്‌മണ്യം മറുപടി നല്‍കിയെന്നാണ് വിവരം. അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇന്ന് മുതല്‍ അടച്ചിട്ട കോടതി മുറിയിലാണ് നടക്കുക.

ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്.

ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു , മുന്‍ തിരുവാഭരണ കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *