മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കയോട് നാടകീയ തോല്‍വി വഴങ്ങി സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്. 5 വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം മതിയായിരുന്ന ബംഗ്ലാദേശ് ആദ്യ നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ നഷ്ടമാക്കിയാണ് ഏഴ് റണ്‍സ് തോല്‍വി വഴങ്ങിയത്.
ഇതോടെ വനിതാ ലോകകപ്പില്‍ സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെ നേടാനായുള്ളു.