ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സീറ്റ് വിഭജനത്തിൽ തീരുമാനമാകാതെ മഹാഗഡ്ബന്ധൻ. സഖ്യകാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഓരോ പാർട്ടികളും വെവ്വേറെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനാൽ 12 മണ്ഡലങ്ങളിൽ സഖ്യത്തിലെ പാർട്ടികൾ നേരിട്ട് മത്സരിക്കേണ്ട അവസ്ഥയിലായി.
ആറ് സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും നേരിട്ട് മത്സരിക്കുമ്പോൾ, സിപിഐയും കോൺഗ്രസും നാല് മണ്ഡലങ്ങളിൽ പരസ്പരം ഏറ്റുമുട്ടും. മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി)യും ആർജെഡിയും രണ്ട് സീറ്റുകളിൽ (ചെയിൻപൂർ, ബാബുബർഹി) ഏറ്റുമുട്ടും. തിങ്കളാഴ്ച ആർജെഡി 143 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയതോടെ ചിത്രം വ്യക്തമായി.
ഇതിൽ ആറ് സീറ്റുകളിൽ കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുമുണ്ട്. വൈശാലി, സിക്കന്ദ്ര, കഹൽഗാവ്, സുൽത്താൻഗഞ്ച്, നർക്കതിയാഗഞ്ച്, വാർസലിഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ആർജെഡിയും കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയത്.
അതേസമയം, ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ്, കാർഘർ എന്നിവിടങ്ങളിൽ സിപിഐയും കോൺഗ്രസും പരസ്പരം സ്ഥാനാർത്ഥികളെ നിർത്തി.രണ്ടാം ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 23 ഓടെ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷ.
ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ് എന്നിവിടങ്ങളിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇതിനകം അവസാനിച്ചതിനാൽ നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടാകും.
സീറ്റ് വിഭജനത്തിലെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി പ്രതിപക്ഷ സഖ്യം നീണ്ട യോഗങ്ങളും ചർച്ചകളും നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 20 ന് അവസാനിച്ചിട്ടും, മഹാസഖ്യം സീറ്റ് വിഭജന ക്രമീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.