മോഹൻലാൽലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും പരാജയമായി മാറി. ഇതിനിടെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ.
വാലിബൻ ഒറ്റ ഭാഗമായി മാത്രം ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമയാണ്. അതിന്റെ കഥയാണ് സംവിധായകൻ ഞങ്ങളോട് പറഞ്ഞത്.
സംവിധായകൻ കഥ പറഞ്ഞപ്പോൾ 10 മിനിറ്റ് കൊണ്ട് മോഹൻലാൽ ഓക്കെ പറയുകയായിരുന്നു.പക്ഷേ നിർഭാഗ്യവശാൽ ഷൂട്ടിങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ, എന്തുകൊണ്ടോ ആ കഥയിൽ കുറച്ച് മാറ്റങ്ങൾ അറിയാതെ കടന്നു വന്നു. പല തടസങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം.
ഞാൻ ആരെയും കുറ്റം പറയുന്നില്ല. പക്ഷേ അങ്ങനെയൊരു മാറ്റം ഉണ്ടായി. അങ്ങനെ വന്നപ്പോൾ ഒരു ഘട്ടമെത്തിയപ്പോഴേക്കും ഇത് രണ്ട് പാർട്ടായി ഇറക്കാമെന്നുള്ള തീരുമാനം വന്നു.ഞാനും മോഹൻലാലുമടക്കം എല്ലാവരും അതിനോട് വിയോജിച്ചു.
പറഞ്ഞ സിനിമ തന്നെ എടുത്താൽ മതി എന്ന അഭിപ്രായം പറഞ്ഞു. പക്ഷേ അവിടെ വന്ന ചില കൺഫ്യൂഷനുകൾ കാരണം, ശക്തമായി രണ്ട് ഭാഗങ്ങൾ ഇറക്കണമെന്ന് പറയുകയും ഞങ്ങളത് പറ്റത്തില്ല എന്ന് തീരുമാനിക്കുകയും ചെയ്തു.