ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് മുൻപായി ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും പ്രകടനത്തെ കുറിച്ച് ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക്. പെർത്തിലെ ഒന്നാം ഏകദിനത്തിൽ ഇരുതാരങ്ങളും നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ഇന്ത്യ തോറ്റതിനേക്കാൾ കോഹ്‌ലിയുടെയും രോഹിത്തിന്റെയും പരാജയമാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെ ചർച്ചയായത്.
എന്നാൽ പെർത്തിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനത്തില്‍ നിരാശനല്ലെന്നാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക് പറയുന്നത്. ഇരുവരും മോശം തയ്യാറെടുപ്പാണ് നടത്തിയതെന്ന് കരുതുന്നില്ലെന്നും സിതാൻഷു പറഞ്ഞു.
ഇരുവരുടെയും ഫോമില്‍ ആശങ്കയില്ലെന്ന് പറഞ്ഞ പരിശീലകന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.കോഹ്‌ലിയുടെയും രോഹിത്തിന്റെയും മോശം പ്രകടനമാണെന്ന് ഞാൻ കരുതുന്നില്ല. അവര്‍ ഐപിഎല്‍ കളിച്ചു, ഇരുവരുടെയും തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു.
രണ്ടുപേര്‍ക്കും അനുഭവപരിചയമുണ്ട്. അവർക്ക് പ്രതികൂലമായി ബാധിച്ചത് കാലാവസ്ഥയാണെന്ന് തോന്നുന്നു. മത്സരത്തിനിടെ ഇടയ്ക്കിടെയുള്ള ഇടവേളകള്‍ കോഹ്ലിയെയും രോഹിതിനെയും ബാധിച്ചു. മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെയാകുമായിരുന്നു.
എത്ര ഓവര്‍ ബാറ്റ് ചെയ്യാന്‍ കിട്ടുമെന്ന് അറിയാത്ത ഘട്ടങ്ങളില്‍, പ്രത്യേകിച്ച് മഴ കാരണം മത്സരം ഇടയ്ക്കിടെ മുടങ്ങുമ്പോള്‍ പ്ലാന്‍ ചെയ്യുന്നത് എളുപ്പമല്ല. ഓരോ കുറച്ച് ഓവറിലും മത്സരം തടസപ്പെടുന്ന സാഹചര്യം ഏറെ ബുദ്ധിമുട്ടാണ്’, സിതാൻഷു പറഞ്ഞു