തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്വർണ വ്യാപാരി. 476 ഗ്രാം സ്വർണം പോറ്റി നൽകിയെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

പോറ്റിയെ ബെല്ലാരിയിൽ എത്തിച്ച് തെളിവെടുക്കും.ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വർണപ്പാളികൾ കൊണ്ടുപോയതിലെ അട്ടിമറിയും ബാക്കി സ്വർണം എവിടെയെന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

ദേവസ്വം ബോർഡിനെ വെട്ടിലാക്കിയായിരുന്നു മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴി. സ്വർണ പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിനും കമ്മീഷണർ എൻ. വാസുവിനും അറിയാമായിരുന്നുവെന്നാണ് മുരാരി ബാബു മൊഴി നൽകിയത്.

ശബരിമലയിലെ സ്വർണകൊള്ള ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെ നടന്ന തട്ടിപ്പെന്നായിരുന്നു അന്നത്തെ ബോർഡ് അംഗങ്ങളുടെ നിലപാട്. എന്നാൽ ഇതിനെ തള്ളുന്നതാണ് മുരാരി ബാബുവിന്റെ മൊഴി.

രേഖകളിൽ സ്വർണപ്പാളികൾ ചെമ്പ് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, ബോർഡിലെ മറ്റ് അംഗങ്ങൾ, ദേവസ്വം കമ്മീഷണർ എൻ.വാസു തുടങ്ങിയവർ കണ്ടിട്ടുണ്ട്. ചെമ്പന്നത് തിരുത്താൻ ഇവർ ആവശ്യപ്പെട്ടിട്ടില്ല.

അതിനാലാണ് ആദ്യം കട്ടള പാളിയും പിന്നീട് ദ്വാര പാലക ശിൽപ്പവും കൊണ്ടുപോയപ്പോൾ രേഖകളിൽ ചെമ്പെന്ന് തന്നെ എഴുതിയത്. മഹസറിലും അങ്ങനെ തന്നെ രേഖപ്പെടുത്തി. ഈ സമയങ്ങളിൽ ഒന്നും സ്വർണം എന്നത് മാറ്റിയെഴുതാൻ ഇവരാരും ആവശ്യപ്പെട്ടിട്ടില്ലെന്നും മുരാരി ബാബു പറയുന്നു.

ശബരിമലയിൽ നിന്ന് കൊണ്ടുപോയ പാളികളിലെ അടിസ്ഥാന ലോഹം ചെമ്പാണ്. സ്വർണം പൊതിയുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനാലാണ് രേഖകളിൽ ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു പറഞ്ഞു.

സ്വർണപ്പാളികൾ കൊണ്ടുപോയപ്പോൾ ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ല എന്നത് മാത്രമാണ് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്നാണ് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ആവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *