പറഞ്ഞുതുടങ്ങും മുൻപ് ഒരു കാഴ്ചയെക്കുറിച്ച്. വനിത-ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരം. ജയം ഇന്ത്യയില്‍ വഴുതിപ്പോകുമ്പോള്‍ ഇൻഡോറിലെ ആ വലിയ സ്ക്രീനില്‍ ഒരു മുഖം തെളിയുകയാണ്.
കലങ്ങിയ കണ്ണുകളുമായി ആ അവശ്വസനീയമായ നിമിഷം ഉള്‍ക്കൊള്ളാൻ കഴിയാതെ നിരാശയോടെ ഡഗൗട്ടിലിരിക്കുന്ന സ്മൃതി മന്ദനയായിരുന്നു അത്, അവര്‍ക്ക് ചുറ്റും നിശബ്ദത തളം കെട്ടിനില്‍ക്കുകയായിരുന്നു.
സ്വന്തം മണ്ണിലെ വിശ്വകിരീടപ്പോരില്‍ തുടർച്ചയായ മൂന്നാം തോല്‍വി, സെമി ഫൈനല്‍ പോലും ഒരു വിദൂര സ്വപ്നമായി മാറുകയായിരുന്നു അവിടെമൂന്ന് രാവുകള്‍ക്കിപ്പുറം, മുംബൈ. വൈറ്റ് ഫേണ്‍സിനെതിരായ ജീവന്മരണപോരാട്ടത്തിനൊടുവില്‍ മഴയുംകടന്ന് വിജയനിമിഷം ആ കൈകളില്‍ ചെന്ന് പതിക്കുകയാണ്.
ഇൻഡോറിലെ കലങ്ങിയ കണ്ണുകളില്‍ തിരിച്ചുവരവിന്റെ തിളക്കമുണ്ടായിരുന്നു അപ്പോള്‍…സ്മൃതിയുടെ ബാറ്റിലേന്തി ഇന്ത്യ തുടങ്ങിയ തിരിച്ചുവരവിന്റെ ഒരു പകലും രാത്രിയും താണ്ടിയിരിക്കുന്നു, ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നു.
