ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 29 മുതലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘമിറങ്ങുക.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്.
അന്താരാഷ്ട്ര ടി – 20യില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ല് സ്വന്തമാക്കാനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിക്കുക.

അതിനായി താരത്തിന് വെറും ഏഴ് റണ്‍സ് എടുത്താല്‍ മതി.ടി – 20 ക്രിക്കറ്റില്‍ നിലവില്‍ സഞ്ജു 993 റണ്‍സാണ് എടുത്തിട്ടുള്ളത്. 49 മത്സരങ്ങളിലെ 42 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് നേടിയത്. 147.98 എന്ന സ്‌ട്രൈക്ക് റേറ്റും 26.13 ശരാശരിയുമാണ് താരത്തിന് ഈ ഫോര്‍മാറ്റിലുള്ളത്.

ടി – 20യില്‍ സഞ്ജുവിന് മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമുണ്ട്. ഒപ്പം ഈ ഫോര്‍മാറ്റില്‍ മലയാളി താരത്തിന് 52 സിക്സും 74 ഫോറുമുണ്ട്.സഞ്ജു അവസാനമായി കളിച്ച ഏഷ്യാ കപ്പില്‍ ഈ നേട്ടത്തില്‍ എത്താന്‍ അവസരമുണ്ടായെങ്കിലും അത് നേടാനായില്ല.

പല മത്സരങ്ങളില്‍ താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഓസ്ട്രേലിയക്കെതിരെ താരം ഈ നേട്ടത്തില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്‌ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *