മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് കിലുക്കം. മോഹൻലാൽ, ജഗതി, രേവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രം മലയാളത്തിലെ എവർഗ്രീൻ കോമഡി ക്ലാസിക് സിനിമകളിൽ ഒന്നാണ്. സിനിമയിലെ കോമഡികളും ഡയലോഗുകളും എല്ലാം ഓരോ മലയാളികൾക്കും കാണാപ്പാഠമാണ്.
ചിത്രത്തിൽ രേവതി അവതരിപ്പിച്ച നായികാ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആദ്യം ഈ റോളിലേക്ക് മറ്റൊരു നടിയെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്.നടി അമലയെയായിരുന്നു ആദ്യം കിലുക്കത്തിലെ നായികയായി പരിഗണിച്ചിരുന്നത്. കഥ കേട്ട് ഇഷ്ടമായ നടി സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്റെ സൂര്യപുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ മലയാളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിൽ അമല സജീവമായി നിൽക്കുന്ന സമയം ആയിരുന്നു അത്. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് ചില ദിവസങ്ങൾ മുൻപ് ചില അസൗകര്യങ്ങൾ മൂലം അമല കിലുക്കത്തിൽ നിന്ന് പിന്മാറുകയും പകരം ആ വേഷം രേവതിയിലേക്ക് എത്തുകയും ചെയ്തു.
1991 ൽ പുറത്തിറങ്ങിയ കിലുക്കം തിയേറ്ററുകളിൽ ഒരു വർഷത്തോളം പ്രദർശിപ്പിച്ചിരുന്നു.തിലകൻ, ഇന്നസെന്റ്, ശരത് സക്സേന, മുരളി തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമ ആണ് കിലുക്കം. കേരളത്തിൽ നിന്ന് ആദ്യമായി ഒരു കോടി കളക്ഷൻ നേടിയ സിനിമ കൂടിയാണ് കിലുക്കം.
വേണു നാഗവള്ളിയാണ് സിനിമയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്. ഗുഡ് നൈറ്റ് ഫിലിംസിന് വേണ്ടി ആർ മോഹൻ ആണ് കിലുക്കം നിർമിച്ചത്. ഇന്നും ചിത്രത്തിന് വലിയൊരു കൾട്ട് ഫോളോയിങ് ഉണ്ട്. അതേസമയം, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഹൈവാൻ ആണ് നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന പ്രിയദർശൻ ചിത്രം.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്.
