അബൂദബി: യുഎഇയിൽ ജോലിക്ക് ചേരാനായുള്ള ആദ്യ യാത്രയിൽ, വിമാനത്തിൽ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രക്ഷകരായി മലയാളി നഴ്സുമാർ. റെസ്പോൺസ് പ്ലസ് മെഡിക്കൽ ജീവനക്കാരാകാനുള്ള യാത്രയിൽ അഭിജിത്ത് ജീസിനും അജീഷ് നെൽസണിനുമാണ് സഹയാത്രികന്റെ ജീവൻ രക്ഷിച്ചത്.
ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര യാത്രയായിരുന്നിത്. തൃശൂരിൽ നിന്നുള്ള 34 വയസുകാരനാണ് ഇവർ തുണയായത്.യുഎഇയിലെത്തി ജോലിക്ക് ചേരും മുമ്പേ രാജ്യത്തേക്കുള്ള വിമാനയാത്രയിൽ 35,000 അടി ഉയരത്തിൽ യാത്രക്കാരനെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്താനായിരുന്നു നിയോഗം.
ജോലി ഏറ്റെടുക്കും മുമ്പേ അവരുടെ ആദ്യ രോഗി മുമ്പിൽ പ്രത്യക്ഷപ്പെടുമെന്ന് അവർ അറിഞ്ഞിരുന്നില്ല.ഒക്ടോബർ 13 ന് പുലർച്ചെ 5.30 നാണ് അവർ സഞ്ചരിച്ച അബൂദബിയിലേക്കുള്ള വിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നത്. മിക്ക യാത്രക്കാരും ഉറങ്ങുകയായിരുന്നു.
അറബിക്കടലിന് മുകളിലെവിടെയോ വിമാനം 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. അപ്പോൾ ആരോ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന ശബ്ദം അഭിജിത്ത് കേട്ടു.ആരോ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് ഞാൻ കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ഒരാൾ പ്രതികരണമില്ലാതെ സീറ്റിൽ കിടക്കുന്നു. ഞാൻ അയാളുടെ പൾസ് പരിശോധിച്ചു, ഒന്നുമില്ലായിരുന്നു.
അപ്പോഴാണ് അയാൾക്ക് ഹൃദയാഘാതം സംഭവിച്ചതായി എനിക്ക് മനസ്സിലായത്’ അഭിജിത്ത് പറഞ്ഞു.കുറച്ച് സീറ്റുകൾക്കപ്പുറം ഇരുന്ന അജീഷ് ബഹളം കേട്ട് ഓടിയെത്തി അഭിജിത്തിനൊപ്പം ചേർന്നു. ”ഒരു പരിഭ്രാന്തിയും ഉണ്ടായിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.
അഭിജിത്ത് നെഞ്ചിൽ കംപ്രഷൻ ചെയ്യാൻ തുടങ്ങി, ഞാൻ അദ്ദേഹത്തെ സഹായിച്ചു. ശാന്തത പാലിക്കുകയും ഞങ്ങൾക്ക് പരമാവധി ചെയ്യാൻ കഴിയുന്നത് ചെയ്യുകമായിരുന്നു വേണ്ടിയിരുന്നത്’ അജീഷ് പറഞ്ഞു.രണ്ട് നഴ്സുമാരും ഏകോപനത്തോടെ പ്രവർത്തിച്ചു, മാറിമാറി കംപ്രഷനുകൾ നൽകുകയും യാത്രക്കാരന്റെ ശ്വസനം നിരീക്ഷിക്കുകയും ചെയ്തു.
വിമാനത്തിന്റെ ഇടുങ്ങിയ നടവഴി ഒരു അടിയന്തര വാർഡായി മാറി. ശക്തമായി നൽകിയ രണ്ട് സിപിആറിന് ശേഷം, പൾസ് തിരിച്ചെത്തി, ഒരു മിന്നൽ ചലനം ഉണ്ടായി, ആ മനുഷ്യൻ വീണ്ടും ശ്വസിക്കാൻ തുടങ്ങി.
‘അദ്ദേഹം ചലിക്കുന്നത് കണ്ടപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നി. എന്തുകൊണ്ടാണ് ഞങ്ങൾ ഈ ജോലി തിരഞ്ഞെടുത്തതെന്ന് ആ നിമിഷം എന്നെ ഓർമിപ്പിച്ചു. ഞങ്ങൾ എവിടെയായിരുന്നാലും, ആ ഉത്തരവാദിത്തം ഞങ്ങൾ ചെയ്യുകയാണ്’ അഭിജിത്ത് പറഞ്ഞു.
