നിരവധി സിനിമകൾക്കായി ഒരുമിച്ച മലയാളത്തിലെ ഹിറ്റ് കോമ്പോകളിൽ ഒന്നാണ് മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകളിൽ ഈ കോമ്പോ ഒന്നിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പുതിയ സിനിമയുമായി മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

പതിവ് മേജർ രവി സിനിമകളെ പോലെ ഒരു പട്ടാളചിത്രമാകും ഇതെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയിൽ മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നിഷ്യൻസ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്.

പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി കാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. അനിമൽ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്.

എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഒന്നും മേജർ രവിയുടെയും മോഹൻലാലിൻ്റെയും ഭാഗത്തിനിന്ന് വന്നിട്ടില്ല.പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്.

പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

പിന്നാലെ രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ഇന്ത്യ നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ.

Leave a Reply

Your email address will not be published. Required fields are marked *