മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ തുടക്കം എന്ന ചിത്രത്തതിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്ന വാര്‍ത്തകള്‍ ആകാംഷയോടെയാണ് ആരാധകര്‍ കേട്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്.
ഇതിന് പിന്നാലെ വിസ്മയക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രിയദര്‍ശനും വിസ്മയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ഈ പോസ്റ്റിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും പ്രിയദര്‍ശന്റെ മകളുമായ കല്യാണി പ്രിയദര്ശന്. അച്ഛന് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടെന്ന വിവരം ഈ നിമിഷം വരയും തനിക്ക് അറിയില്ലായിരുന്നു എന്നാണ് പ്രിയദര്‍ശന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
താന്‍ കള്ളം പറയുകയല്ലെന്നും ഇതാണ് സത്യമെന്നും കല്യാണി പറഞ്ഞു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ വിസ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് കല്യാണി ആശംസകള്‍ അറയിച്ചത്.
ഈ രണ്ട് കുട്ടികളെയും ഞാന്‍ എന്റെ കൈകളില്‍ എടുത്തുകൊണ്ട് നടന്നതാണ്. ഞങ്ങള്‍ അങ്ങനെയൊരു കുടുംബം ആയിരുന്നു. ഇന്ന് മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഞങ്ങള്‍ ഒരിക്കലും കരുതിയില്ല ഇവര്‍ സിനിമയിലേക്ക് എത്തുമെന്ന്.
കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്ക്കും തുടക്കം ഒരു സുന്ദര തുടക്കം ആകട്ടെ,’ എന്നാണ് പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചത്.
