ലഖ്‌നൗ: ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ മതപരിവർത്തനത്തിനായി പ്രേരിപ്പിച്ചെന്നാരോപിച്ച് നാല് ക്രൈസ്തവ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൈബിൾ ഉൾപ്പടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളും യേശുക്രിസ്തുവിന്റെ ചിത്രങ്ങളുമടക്കമുള്ള സാധനങ്ങളും പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു .സർക്കി ഗ്രാമവാസികളായ ഗീതാദേവി, മകൾ രഞ്ജന കുമാരി, സോനു, വിജയ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
മതപരിവർത്തന നിരോധന നിയമത്തിന് കീഴിലുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ കെരാക്കത്ത് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. ക്രിസ്ത്യൻ മത പ്രചാരണവും മതപരിവർത്തനവുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ചാറ്റുകൾ, വിഡിയോകൾ എന്നിവയും കണ്ടെടുത്തതായും പൊലീസ് റിപ്പോർട്ടുകളുണ്ട്.
ക്രൈം നമ്പർ 16/25, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 196(1), ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
ഗ്രാമത്തിലെ തീവ്രഹിന്ദുത്വ സംഘടനകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
പ്രാർത്ഥനായോഗത്തിനിടെ ബജരംഗ്ദൾ നേതാക്കളായ ജിതേതേന്ദ്ര വയസും ബൽറാം സിങ്ങും ഉൾപ്പടെ നിരവധിപേർ രഞ്ജന കുമാരിയുടെ വീട്ടിലേക്ക്മുദ്രാവാക്യങ്ങൾ വിളിച്ച് അതിക്രമിച്ചു കടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
