ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സിന്റെ വിജയലക്ഷ്യം 40 പന്ത് ശേഷിക്കവെയാണ് ഓസീസ് മറികടന്നത്.അപരാജിത കുതിപ്പ് നടത്തിയ സൂപ്പര്‍ താരം ശിവം ദുബെയുടെ സ്ട്രീക്കിന് അന്ത്യമിട്ട മത്സരം കൂടിയായിരുന്നു ഇത്.

തുടര്‍ച്ചയായ 37 അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ശിവം ദുബെ തോല്‍വിയിറഞ്ഞിരുന്നില്ല. 2019 ഡിസംബറിലാണ് ശിവം ദുബെ ഭാഗമായ ഇന്ത്യന്‍ ടീം ഒടുവില്‍ പരാജയമറിഞ്ഞത്.ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്. മത്സരത്തില്‍ ലെന്‍ഡില്‍ സിമ്മണ്‍സിന്റെ വെടിക്കെത്തില്‍ സന്ദര്‍ശകര്‍ വിജയം കണ്ടെത്തി.

30 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറും അടക്കം 54 റണ്‍സടിച്ച ശിവം ദുബെയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.തുടര്‍ന്ന് കളിച്ച 33 മത്സരങ്ങളില്‍ ശിവം ദുബെ ഇന്ത്യയ്‌ക്കൊപ്പം വിജയം സ്വന്തമാക്കി.

37ാം മത്സരമടക്കം മൂന്നെണ്ണം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ 38ാം മത്സരത്തില്‍ തോല്‍വിയും രുചിച്ചു. ഇതടക്കം ആകെ മൂന്ന് മത്സരത്തിലാണ് ദുബെ പരാജയപ്പെട്ടത്.കഴിഞ്ഞ ദിവസം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു.

കരുത്തുറ്റ ബാറ്റിങ് നിരയിലെ രണ്ട് പേര്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 37 പന്തില്‍ 68 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ടോപ്പ് സ്‌കോറര്‍. രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 183.78 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വെടിക്കെട്ട് വീരന്‍മാരും ടി-20 സ്‌പെഷ്യലിസ്റ്റുകളും സ്‌കോര്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കാതെ വന്നതുപോലെ കടന്നുപോയപ്പോള്‍ ഹര്‍ഷിത് റാണയാണ് ചെറുത്തുനിന്നത്. 33 പന്ത് നേരിട്ട താരം 35 റണ്‍സ് നേടി.

12 പന്തില്‍ ഏഴ് റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-0ന് ആതിഥേയര്‍ മുമ്പിലാണ്. ഞായറാഴ്ചയാണ് പരമ്പരയിലെ അടുത്ത മത്സരം. ഹൊബാര്‍ട്ടിലെ നിന്‍ജ സ്റ്റേഡിയമാണ് വേദി.

Leave a Reply

Your email address will not be published. Required fields are marked *