ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ടി-20 മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ വണ്‍ഡൗണ്‍ ബാറ്ററായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് റണ്‍സിന് പുറത്തായിരുന്നു.നേരത്തെ മിഡില്‍ ഓര്‍ഡറില്‍ താരത്തെ കളിപ്പിച്ചിരുന്നെങ്കിലും പവര്‍പ്ലെയില്‍ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായതിനാലാണ് സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിച്ചത്.
എന്നാല്‍ സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ മത്സരത്തില്‍ തന്റെ ബാറ്റിങ് ഓര്‍ഡറിനെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജു.പല ടീമുകള്‍ക്കായി വ്യത്യസ്തമായ റോളില്‍ ബാറ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമിന് വേണ്ടി ഓപ്പണറായും മധ്യ നിരയിലും ബാറ്റ് ചെയ്‌തെന്നും സഞ്ജു പറഞ്ഞു.
മാത്രമല്ല നിലവിലെ ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍മാര്‍ക്ക് മാത്രമേ സ്ഥിരതയുള്ളൂവെന്നും ബാക്കിയുള്ള ബാറ്റമാര്‍ ഏത് സമയത്തും ഏത് സാഹചര്യത്തിലും തയ്യാറായിരിക്കണമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.സത്യം പറഞ്ഞാല്‍ ഞാന്‍ പല ടീമുകള്‍ക്കുമായി വ്യത്യസ്തമായ റോളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്.
വളരെക്കാലമായി ഈ ടീമിന്റെ ഭാഗമാണ് ഞാന്‍, വ്യത്യസ്ത റോളും ചെയ്തിട്ടുണ്ട്. ബാറ്റിങ്ങില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്, മത്സരങ്ങള്‍ ഫിനിഷ് ചെയ്തിട്ടുമുണ്ട്.നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങില്‍ മിന്നും കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ബാക് ടു ബാക് സെഞ്ച്വറികളുള്‍പ്പെടെ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പിറന്നതും ഓപ്പണിങ്ങില്‍ ഇറങ്ങിയായിരുന്നു.
എന്നാല്‍ ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റന്‍ കം ഓപ്പണിങ് റോളില്‍ ശുഭ്മന്‍ ഗില്ലിന്റെ വരവ് സഞ്ജുവിനെ പിറകോട്ടടിക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ മധ്യ നിരയിലേക്ക് തഴഞ്ഞതില്‍ ക്രിസ് ശ്രീകാന്ത് ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
ഓപ്പണര്‍ എന്ന നിലയില്‍ ശുഭ്മന്‍ ഗില്‍ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 21 ആവറേജില്‍ 148.25 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 169 റണ്‍സ് നേടിയപ്പോള്‍ മധ്യനിരയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 26.80 എന്ന ആവറേജിലും 121.82 എന്ന സ്‌ട്രൈക്ക് റേറ്റിലും 134 റണ്‍സ് സഞ്ജു നേടി.അതേസമയം ടി-20യില്‍ 43 ഇന്നിങ്‌സില്‍ നിന്ന് 995 റണ്‍സാണ് സഞ്ജു നേടിയത്.
111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 25.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 147.4 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടാന്‍ സഞ്ജുവിന് സാധിച്ചു.
