തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേത് ആണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേം കുമാർതന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തു.
അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല മാറ്റമെന്നും പ്രേം കുമാർ പറഞ്ഞു. നേരത്തെ, സർക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു.
ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് അഭ്യൂഹം. ഇക്കാര്യം നിഷേധിച്ച പ്രേം കുമാർ റസൂൽ പൂക്കുട്ടിക്ക് ആശംസകളും നേർന്നു.ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍.
സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്.
അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവില്‍ വരുന്നത്. ഭരണ സമിതിയുടെ കാലാവധി തീര്‍ന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
