അമരാവതി: ആന്ധ്രാ പ്രദേശിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു. ശ്രീകാകുളത്തുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ഏകാദശി ഉത്സവത്തോടനുബന്ധിച്ച് വലിയ തിക്കും തിരക്കും ക്ഷേത്രത്തിൽ ഉണ്ടായിരുന്നെന്നും ആളുകൾ കൂടിയതോടെ തിക്കും തിരക്കും വർധിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ.നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനവും പരിക്കേറ്റവർക്ക് അടിയന്തരമായ ചികിത്സയും ഉറപ്പാക്കണമെന്നുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
‘ശ്രീകാകുളം ജില്ലയിലെ വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ ജനങ്ങളുടെ മരണം ഞെട്ടലുണ്ടാക്കി
സംഭവത്തിൽ ഭക്തരുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു,’ ചന്ദ്ര ബാബു നായിഡു പറഞ്ഞു.
കൃഷിമന്ത്രി, ജില്ലാ കളക്ടർ, ഉന്നതപൊലീസുദ്യോഗസ്ഥരടക്കമുള്ളവർ ക്ഷേത്രത്തിൽ എത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും തീർത്ഥാടകരുടെ വർധനവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
