ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ ആദ്യ കിരീടമെന്ന ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചാണ് നവി മുംബൈയിൽ ഹർമൻപ്രീത് കൗറും സംഘവും വിശ്വവിജയികളായത്. ഞായറാഴ്ച നടന്ന ആവേശകരമായ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ വിശ്വവിജയികളായത്.
ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കൻ വെല്ലുവിളി അതിജീവിച്ചാണ് ചരിത്ര നേട്ടത്തിലെത്തിയത്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ നിർണായകമായ ക്യാച്ചെടുത്ത അമൻജോത് കൗറിനെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ.
ഇന്ത്യ ഉയർത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയെ സെഞ്ച്വറി നേടി മുന്നോട്ടുനയിക്കുകയായിരുന്ന ക്യാപ്റ്റൻ ലോറ വോൾവാർഡിനെയാണ് അമൻജോത് ക്യാച്ചെടുത്ത് പുറത്താക്കിയത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിൽ ദീപ്തി ശർമ എറിഞ്ഞ 42-ാം ഓവറിലായിരുന്നു സംഭവം.98 പന്തില്‍ ഒരു സിക്‌സും 11 ബൗണ്ടറിയും സഹിതം 101 റണ്‍സെടുത്ത ലോറയെ ഡീപ്പ് മിഡ് വിക്കറ്റില്‍ അമന്‍ജോത് കൗര്‍ ഒരു റണ്ണിങ് ക്യാച്ചിലൂടെ അവിശ്വസനീയമായാണ് പന്ത് പിടികൂടിയത്.
ആദ്യ ശ്രമത്തില്‍ പന്ത് അമന്‍ജോതിന്റെ കൈകളിലൊതുങ്ങിയിരുന്നില്ല. കൈയില്‍ നിന്നും തെറിച്ചുപോയ പന്ത് രണ്ടം ശ്രമത്തിലും വഴുതിപ്പോയി. എന്നാല്‍ മൂന്നാം ശ്രമത്തിലാണ് പന്ത് കൈകളിലൊതുക്കിയ അമന്‍ജോത് താഴേക്ക് സ്ലൈഡ് ചെയ്യുകയായിരുന്നു.
പ്രോട്ടീസ് നായികയുടെ പുറത്താവലാണ് ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായത്.എന്നാൽ അമൻജോത് കൗറിന്റെ ക്യാച്ചിനെ 2024 ട്വന്റി 20 ലോകകപ്പിൽ സൂര്യകുമാറിന്റെ ക്യാച്ചുമായാണ് ആരാധകർ താരതമ്യം ചെയ്യുന്നത്.
കഴിഞ്ഞ വർഷം ബാർബഡോസിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയമുറപ്പിച്ചത് സൂര്യകുമാർ യാദവിന്റെ സ്റ്റണ്ണർ ക്യാച്ചായിരുന്നു.
ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പിടികൂടാനാണ് സൂര്യകുമാർ യാദവ് ലോങ് ഓഫിൽ തന്റെ ഫീൽഡിങ് മികവ് പുറത്തെടുത്തത്. ബൗണ്ടറിയിലുണ്ടായിരുന്ന സൂര്യകുമാർ ലൈനിന് തൊട്ടരുകിൽ നിന്നായി പന്ത് പിടികൂടി.
പിന്നാലെ ബൗണ്ടറിലൈനിന് അപ്പുറത്തേയ്ക്ക് ചാടിയ സൂര്യ പന്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തി എറിഞ്ഞിരുന്നു. പിന്നാലെ ബൗണ്ടറിക്ക് ഇപ്പുറത്ത് എത്തി താരം പന്ത് കൈക്കലാക്കുകയും ചെയ്തു. ലോകകപ്പ് ഫൈനലിൽ ഏഴ് റൺസിന് ഇന്ത്യയുടെ വിജയത്തിനും കാരണമായത് സൂര്യകുമാറിന്റെ ക്യാച്ചായിരുന്നു.
