ന്യൂഡൽഹി∙ വനിതാ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന്‍ താരങ്ങൾക്കു പുറമേ, പരിശീലക സംഘം, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കും ഈ തുക വീതിച്ചു നൽകും. ലോകകപ്പ് ജേതാക്കൾക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്ന തുകയേക്കാൾ വലിയ തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
4.48 മില്യൻ യുഎസ് ഡോളറാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 39.78 കോടി) ലോകകപ്പ് വിജയിക്കുന്ന ടീമിന് സമ്മാനമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്നത്.
പുരുഷ, വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണിത്. പാർട്ടിസിപ്പേഷൻ പ്രൈസും, ലീഗ് ഘട്ടത്തിലെ വിജയത്തിന്റെ പാരിതോഷികങ്ങളും ചേർത്ത് 3.1 കോടി രൂപ നേരത്തേ തന്നെ ഇന്ത്യൻ ടീം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യ ലോകകപ്പ് ജയിച്ചതോടെ ഈ തുക കൂടി ചേർത്ത് 42 കോടിയാണ് ആകെ ലഭിക്കുക. ഇതു കൂടാതെയാണ് ബിസിസിഐയും വൻ തുക പ്രഖ്യാപിച്ചത്.വനിതാ ലോകകപ്പ് വിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾക്കാണു തുടക്കമാകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. ‘‘
ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ച് 1983ൽ കപിൽ ദേവ് പുതിയ യുഗത്തിനു തുടക്കമിട്ടു. അതേ രീതിയിലുള്ള ഉയിർപ്പാണ് ഇപ്പോൾ വനിതാ ക്രിക്കറ്റിലും സംഭവിച്ചിരിക്കുന്നത്.
അവർ ഇന്ത്യക്കാരുടെ ഹൃദയങ്ങൾ കീഴടക്കി. ഈ വിജയം അടുത്ത തലമുറയിലെ വനിതാ താരങ്ങൾക്കു പ്രചോദനമാകും.’’– സൈകിയ വ്യക്തമാക്കി.
