സെപ്റ്റംബർ 28 ന് മത്സരം അവസാനിച്ചിട്ടും ഏഷ്യാ കപ്പ് ട്രോഫി കൈമാറാൻ വിസമ്മതിക്കുന്ന എസിസിയുടെ നിലപാടിനെതിരെ നീക്കം കടുപ്പിച്ച് ബിസിസിഐ. തിങ്കളാഴ്ചയ്ക്കുള്ളിൽ ട്രോഫി കൈമാറിയില്ലെങ്കിൽ നവംബർ നാലിന് നടക്കുന്ന ഐസിസി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് പറഞ്ഞു.

ദുബായിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. എന്നാൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ പിസിബി ചെയർമാനും എസിസി പ്രസിഡന്റുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ടീം വിസമ്മതിച്ചു.

ഇതോടെ ഒരു ഉദ്യോഗസ്ഥൻ വേദിയിൽ നിന്ന് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാതെ എടുത്ത് മാറ്റി.ഏഷ്യാ കപ്പ് ട്രോഫിക്കായി ബോർഡ് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ദേവജിത് സൈകിയ വെളിപ്പെടുത്തി. ട്രോഫി ഇതുവരെ ബിസിസിഐ ഓഫീസിൽ എത്തിയിട്ടില്ലെന്നും ഏകദേശം പത്ത് ദിവസം മുമ്പ് എസിസി ചെയർപേഴ്സണിന് ഔദ്യോഗിക അഭ്യർത്ഥന അയച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.

“ഇന്നത്തെ വിജയത്തിന് ശേഷം ഞങ്ങളുടെ ടീമിന് ഉടൻ തന്നെ ട്രോഫി ലഭിച്ചു. ഞങ്ങളുടെ പുരുഷ ടീം ദുബായിൽ ഏഷ്യാ കപ്പ് നേടിയെങ്കിലും ട്രോഫി ഇന്നുവരെ ബിസിസിഐ ഓഫീസിൽ എത്തിയിട്ടില്ല.

ട്രോഫി എത്രയും വേഗം ബിസിസിഐക്ക് കൈമാറണമെന്ന് അഭ്യർത്ഥിച്ച് 10 ദിവസം മുമ്പ് ഞങ്ങൾ എസിസി ചെയർപേഴ്സണിന് കത്തെഴുതിയിട്ടുണ്ട്.എന്നാൽ ഇന്നുവരെ ഞങ്ങൾക്ക് ട്രോഫി ലഭിച്ചിട്ടില്ല. മറ്റൊരു ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.

നവംബർ മൂന്നിനകം ട്രോഫി ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പരമോന്നത സമിതിക്ക് മുന്നിൽ ഞങ്ങൾ ഞങ്ങളുടെ പരാതി ഉന്നയിക്കും. ഐസിസി നീതി പുലർത്തുമെന്നും എത്രയും വേഗം ട്രോഫി നേടാൻ ഇന്ത്യയെ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും സൈകിയ കൂട്ടിച്ചേർത്തു. നവംബർ 4 മുതൽ 7 വരെ ദുബായിൽ ഐസിസി യോ​ഗം ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *