ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. പരമ്പരയിലെ മുന്‍ മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജുവിന് പകരം ബാക്കപ്പ് കീപ്പറായ ജിതേഷ് ശര്‍മയെയാണ് മൂന്നാം ടി20യില്‍ ഇന്ത്യ ഓസീസിനെതിരെ ഇറക്കിയത്.

ലഭിച്ച അവസരം നന്നായി മുതലെടുത്ത ജിതേഷ് മികച്ച ബാറ്റിങ്ങുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.ഇപ്പോഴിതാ നവംബര്‍ ആറിന് നടക്കാനിരിക്കുന്ന നാലാം ടി20യിലും സഞ്ജുവിന് സ്ഥാനം ലഭിക്കില്ലെന്ന സൂചനകളാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കുന്നത്.

മൂന്നാം മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജുവിന് പകരം ജിതേഷ് ശര്‍മ ടീമിലെത്തിയപ്പോള്‍ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്ക് പകരം അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനിലെത്തി.ഈ കോമ്പിനേഷനുകള്‍ ശരിയായിരുന്നെന്നാണ് മത്സരത്തില്‍ വിജയിച്ച ശേഷം സൂര്യ പറഞ്ഞത്.

‘പുറത്തിരുന്ന താരങ്ങളെല്ലാം കഠിനമായി പരിശീലിക്കുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. വാഷിങ്ടണ്‍ മികച്ച വഴക്കം കാണിച്ചു.

ജിതേഷ് മികച്ച സംഭാവന നല്‍കുകയും ചെയ്തു. ഇതാണ് ശരിയായ കോമ്പിനേഷനാണെന്ന് തോന്നുന്നു. ബുംറയും അര്‍ഷ്ദീപും മികച്ച ജോഡിയാണ്. ബുംറ നിശബ്ദമായി തന്റെ ജോലി നന്നായി ചെയ്യുമ്പോള്‍ അര്‍ഷ്ദീപ് മറുവശത്ത് കിട്ടിയ അവസരം നന്നായി മുതലെടുക്കുകയാണ്. അവര്‍ ഇരുവരും അപകടകരമായ ഒരു കോമ്പിനേഷനാണ്’, സൂര്യ പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിന് നടന്ന രണ്ടാം ടി20യില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം ഒന്‍പതുപന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *