ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20യില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എട്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലിയിലാണ്.
23 പന്തില്‍ 29 റണ്‍സുമായി ശുഭ്മാൻ ഗില്ലും രണ്ട് റണ്ണുമായി ശിവം ദുബെയും ക്രീസില്‍. 21 പന്തില്‍ 28 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദം സാംപയ്ക്കാണ് വിക്കറ്റ്.നേരിട്ട രണ്ടാം പന്തില്‍ തന്നെ ബെന്‍ ഡ്വാര്‍ഷൂയിസിനെ ബൗണ്ടറി കടത്താനായി ആഞ്ഞടിച്ച അഭിഷേക് ശര്‍മക്ക് പിഴച്ചു.
എഡ്ജ് ചെയ്ത് ഉയര്‍ന്നുപൊങ്ങിയ പന്ത് പക്ഷെ കൈയിലൊതുക്കാന്‍ തേര്‍ഡ്മാനില്‍ സേവിര്‍ ബാര്‍ട്ലെറ്റിന് കഴിയാതിരുന്നത് ഇന്ത്യയുടെ ഭാഗ്യമായി. പവര്‍ പ്ലേയില്‍ പതിവില്‍ നിന്ന് വ്യത്യസ്തനായി അഭിഷേക് ശര്‍മ ശാന്തനായപ്പോള്‍ ശുഭ്മാന്‍ ഗില്ലാണ് ആക്രമിച്ചു കളിച്ചത്.
പവര്‍പ്ലേയിലെ അവസാന ഓവര്‍ വരെ ഒരു ബൗണ്ടറി മാത്രമാണ് അഭിഷേകിന് നേടാനായത്. അവസാന ഓവറില്‍ രണ്ട് ബൗണ്ടറി കൂടി അഭിഷേക് നേടി.എന്നാല്‍ പവര്‍ പ്ലേയില്‍ ഗില്‍ നാലു ബൗണ്ടറി നേടി.ഡ്വാര്‍ഷൂയിസ് എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ ഇന്ത്യ സേവിയര്‍ ബാര്ട്ലെറ്റിന്റെ രണ്ടാം ഓവറില്‍ 10 റണ്‍സടിച്ചു.
ഡ്വാര്‍ഷൂയിസ് എറിഞ്ഞ മൂന്നാം ഓവറില്‍ ഏഴ് റണ്‍സ് നേടാനെ ഇന്ത്യക്കായുള്ളു, നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറില്‍ ഗില്‍ രണ്ട് ബൗണ്ടറിയടിച്ച് 11 റണ്‍സെടുത്തത് ഇന്ത്യക്ക് ആശ്വാസമായി.
ബാര്ട്ലെറ്റ് എറിഞ്ഞ അഞ്ചാം ഓവറില്‍ ഏഴ് റണ്‍സ് നേടിയ ഇന്ത്യയെ മാര്‍ക്കസ് സ്റ്റോയ്നിസ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 11 റണ്‍സ് കൂടി നേടിയ അഭിഷേക് 49 റണ്‍സിലെത്തിച്ചു.
പവര്‍ പ്ലേയ്ക്ക് പിന്നാലെ പന്തെറിയാനെത്തിയ ആദം സാംപയെ അഭിഷേക് സിക്സ് അടിച്ച് വരവേറ്റെങ്കിലും അതേ ഓവറില്‍ ലോംഗ് ഓണില്‍ ടിം ഡേവിഡിന് ക്യാച്ച് നല്കി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 21 പന്തില്‍ 28 റണ്‍സായിരുന്നു അഭിഷേകിന്റെ സംഭാവന.
