ഇസ്രയേലും യുഎസും ജൂണിൽ നടത്തിയ 12 നാൾ നീണ്ട ആക്രമണത്തിന് ശേഷം ഇതാദ്യമായി വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇറാൻ. യുഎഇയിലെ അജ്മാനിൽ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്തെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരപ്രകാരം ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
മാർഷൽ ഐലൻഡ്സ് റജിസ്ട്രേഷനുള്ള ‘ടലാറ’ (Talara) എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.രാജ്യാന്തര കപ്പൽപാതയിലായിരുന്ന ടലാറയെയാണ് ഇറാൻ സേന പിടിച്ചെടുത്തതെന്നും യുഎസ് പ്രതിരോധ സേന ആരോപിച്ചു.
കപ്പൽ തട്ടിയെടുത്ത നടപടി ഇറാൻ ഭരണകൂടത്തിന്റെ അറിവോടെയാണെന്ന ആരോപണവുമായി ബ്രിട്ടീഷ് സൈന്യത്തിന് കീഴിലെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും രംഗത്തെത്തി.
യുഎഇയിലെ ഹമ്റിയ ആഴക്കടൽ തുറമുഖത്തുനിന്ന് സൾഫർ ഗ്യാസോയിൽ കയറ്റിപ്പോവുകയായിരുന്ന കപ്പലാണിത്. ഹോർമുസ് കടലിടുക്കിൽ നിന്ന് ഗൾഫ് ഓഫ് ഒമാനിലേക്ക് കപ്പൽ നീങ്ങുമ്പോഴായിരുന്നു ഇറാന്റെ ഇടപെടൽ. യുഎഇയിലെയുഎഇയിലെ ഹമ്റിയ ആഴക്കടൽ തുറമുഖത്തുനിന്ന് സൾഫർ ഗ്യാസോയിൽ കയറ്റിപ്പോവുകയായിരുന്ന കപ്പലാണിത്.
ഹോർമുസ് കടലിടുക്കിൽ നിന്ന് ഗൾഫ് ഓഫ് ഒമാനിലേക്ക് കപ്പൽ നീങ്ങുമ്പോഴായിരുന്നു ഇറാന്റെ ഇടപെടൽ. യുഎഇയിലെ ഖോർ ഫാക്കനിൽ (Khor Fakkan) നിന്ന് 20 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് സംഭവം.ഇറാന്റെ നടപടി മധ്യേഷ്യയിൽനിന്ന് ഹോർമുസ് വഴിയുള്ള കപ്പൽ നീക്കങ്ങളെയും ക്രൂഡ് ഓയിൽ വ്യാപാരത്തെയും ബാധിച്ചേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
മേഖലയെ വീണ്ടും ഇറാൻ യുദ്ധസമാന സാഹചര്യത്തിലേക്ക് നയിക്കുകയാണെന്ന നിരീക്ഷണങ്ങളുമുണ്ട്.
ആണവായുധ നിർമാണം ആരോപിച്ച് കഴിഞ്ഞ ജൂണിലായിരുന്നു ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയത്. 12 നാൾ നീണ്ട സംഘർഷത്തിൽ ഇരു രാജ്യങ്ങളും പരസ്പരം മിസൈൽപ്പോര് ശക്തമാക്കിയിരുന്നു.
ഇതിനിടെ, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കുനേരെ യുഎസും നേരിട്ട് ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇറാൻ വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കുകയായിരുന്നു. എന്നാൽ, ആക്രമണങ്ങളെ നേരിടാൻ ഇപ്പോഴും കരുത്തുണ്ടെന്ന സൂചന നൽകാനാണ് പ്രകോപനങ്ങളിലൂടെ ഇറാൻ ശ്രമിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസിലൂടെ പോകുന്ന കപ്പലുകൾ ഇറാൻ പിടിച്ചെടുക്കുകയോ തകർക്കുകയോ ചെയ്യുന്നത് ഇതാദ്യമല്ല. 2019ൽ മൈനുകൾ ഉപയോഗിച്ച് ഇറാൻ നിരവധി കപ്പലുകൾ തകർത്തിരുന്നുവെന്ന് ബ്രിട്ടീഷ് നേവി ആരോപിച്ചിരുന്നു
2021ൽ ഇറാന്റെ ആക്രമണത്തിൽ ഒരു ഇസ്രയേൽ എണ്ണക്കപ്പൽ തകരുകയും 2 യൂറോപ്യൻ നാവികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2022 മേയിൽ 2 ഗ്രീക്ക് കപ്പലുകൾ ഇറാൻ പിടിച്ചെടുത്തിരുന്നു. ആ വർഷം നവംബറിലാണ് കപ്പൽ ഇറാൻ വിട്ടുകൊടുത്തത്.
2024 ഏപ്രിലിൽ ഒരു പോർച്ചുഗീസ് കപ്പലും പിടിച്ചെടുത്തിരുന്നു.ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ ചരക്കുകപ്പലുകൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ നിലവിൽതന്നെ കപ്പൽനീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിനിടെ ഹോർമുസ് കടലിടുക്കിൽ ഇറാനും സമാന പ്രകോപനങ്ങളിലേക്ക് നീങ്ങുന്നത് കൂടുതൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ നിയന്ത്രണത്തിലാണ് ഹോർമുസ് കടലിടുക്ക്. ജൂണിൽ ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയപ്പോൾ ഹോർമുസ് അടച്ചിടുമെന്ന ഭീഷണി ഇറാൻ ഉയർത്തിയിരുന്നു.
അത്തരം തീരുമാനം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
മധ്യേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ നീക്കത്തിന്റെ മുന്തിയപങ്കും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. അതുകൊണ്ടുതന്നെ, ഹോർമുസ് അടച്ചാൽ ഗൾഫ് രാഷ്ട്രങ്ങൾക്ക് അതു വലിയ തിരിച്ചടിയാകും.
