പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയുടെ തലവരതന്നെ മാറ്റുമെന്ന് കരുതിയ ‘സ്വപ്ന പദ്ധതി’ വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് വെളിപ്പെടുത്തൽ. പാക്ക് സാമ്പത്തിക വിദഗ്ധനും സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. കൈസർ.
പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയുടെ തലവരതന്നെ മാറ്റുമെന്ന് കരുതിയ ‘സ്വപ്ന പദ്ധതി’ വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് വെളിപ്പെടുത്തൽ. പാക്ക് സാമ്പത്തിക വിദഗ്ധനും സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. കൈസർ ബംഗാളിയാണ് ഒരു മാധ്യമ പ്രവർത്തകനുമായി നടത്തിയ പോഡ്കാസ്റ്റ് സംവാദത്തിൽ തുറന്നടിച്ചത്.
പാക്കിസ്ഥാനിൽ വമ്പൻ നിക്ഷേപവുമായി ചൈന ആസൂത്രണം ചെയ്ത ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയാണ് (സിപിഇസി) തുടർപ്രവർത്തനങ്ങളില്ലാതെ പാതിവഴിയിൽ നിലച്ചത്.
തുടക്കത്തിൽ 46.5 ബില്യൻ ഡോളർ (ഏകദേശം 3.9 ലക്ഷംകോടി ഇന്ത്യൻ രൂപ) നിക്ഷേപമായിരുന്നു പദ്ധതിക്ക് വിലയിരുത്തിയത്. പിന്നീടിത് 62 ബില്യനിലേക്ക് (6 ലക്ഷം കോടി രൂപ) ഉയർത്തി. ചൈനയിൽ നിന്നാരംഭിച്ച് പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയോട് ചേർന്ന് ഗ്വാദർ തുറമുഖം വരെ നീളുന്നതാണ് പദ്ധതി.
ഇതിൽ വായ്പവഴി പണം ഉറപ്പാക്കാൻ പാക്കിസ്ഥാന് കഴിഞ്ഞില്ല. രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥയും ചൈനീസ് പൗരന്മാർക്കെതിരെ അക്രമവും രൂക്ഷമാവുകയും ചെയ്തതോടെ ചൈന പിൻവലിഞ്ഞു. പദ്ധതി തുലാസിലുമായി.
സിപിഇസിയോട് ചേർന്ന പോർട്ട് ഖാസിം ഊർജ പദ്ധതിയിൽ നിന്ന് അടുത്തിടെ ഖത്തറും പിൻവാങ്ങിയിരുന്നു. പാക്കിസ്ഥാൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഖത്തർ കമ്പനിയും ചൂണ്ടിക്കാട്ടിയത്.
സിപിസിഇ ഉൾപ്പെടെയുള്ള പദ്ധതികൾ കണ്ണിൽപൊടിയിടാനുള്ള രാഷ്ട്രീയ വാഗ്ദാനങ്ങൾ മാത്രമാണെന്ന് ഡോ. കൈസർ പറഞ്ഞു. ആദ്യം അവർ സിപിഇസി എന്ന് പറഞ്ഞു. പിന്നെ, സ്പെഷൽ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ കൗൺസിൽ (എസ്ഐഎഫ്സി) എന്ന മറ്റൊരു തട്ടിപ്പുമായി വന്നു.
ഗ്രീൻ ഇനീഷ്യേറ്റീവ്, ഉഡാൻ പാക്കിസ്ഥാൻ തുടങ്ങിയ പദ്ധതികളും പിന്നാലെ വന്നു. ഒന്നും നടന്നില്ല. ഇപ്പോൾ പുതിയ അടവ് ‘അപൂർവ ധാതുക്കൾ’ (റെയർ എർത്ത്) ആണെന്നും ഡോ. കൈസർ പറഞ്ഞു.
എന്നാൽ, ചൈന മനസ്സിൽകണ്ടത് മറ്റൊന്നാണ്. ദക്ഷിണ ചൈനാക്കടലിൽ അയൽ രാജ്യങ്ങളുമായി ചൈന തർക്കത്തിലാണ്. അവിടെ സംഘർഷങ്ങളുണ്ടായാൽ പിൻവാതിലെന്നോണം ഉപയോഗിക്കാനാണ് ചൈന ഗ്വാദറിനെ കാണുന്നത്.
ചൈനയ്ക്ക് വ്യാപാരത്തിനേക്കാൾ മുഖ്യം ഗ്വാദറിനെ സൈനിക താവളമായി മാറ്റാനാണെന്നും ഡോ. കൈസർ പറഞ്ഞു. ഗ്വാദറിന് സമീപം ഇറാനിലെ ചബഹാറിൽ ഇന്ത്യ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ തുറമുഖം പ്രവർത്തനക്ഷമമാണ്.
അഫ്ഗാൻ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ,റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പാക്കിസ്ഥാനെ ആശ്രയിക്കാതെ കടക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ട്. ചബഹാറിന് അടുത്തിടെ ട്രംപ് ഭരണകൂടം ഉപരോധത്തിൽ ഇളവും നൽകിയിരുന്നു.
