ന്യൂഡൽഹി ∙ ഫ്രാൻസുമായി ചേർന്ന് വായുവിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെൽ) ഫ്രഞ്ച് കമ്പനി സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസും (സെഡ്) സംയുക്തമായാണു ഹൈലി അജൈൽ മോഡുലാർ മ്യൂട്ടേഷൻ എക്റ്റെൻഡഡ് റേഞ്ച് (ഹാമർ) സ്മാർട്ട് മിസൈലുകൾ നിർമ‍ിക്കുന്നത്.

ഇതു സംബന്ധിച്ച സംയുക്ത സംരംഭ സഹകരണ കരാറിൽ ഇരു സ്‌ഥാപനങ്ങളും ഒപ്പുവച്ചു. ഈ വർഷം ഫെബ്രുവരി 11ന് ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ കരാർ.

കരാർപ്രകാരം മിസൈൽ നിർമാണത്തിന് ബെലിനും സെഡിനും 50% വീതം പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപിക്കും. മിസൈലിന്റെ 60 ശതമാനവും ഇന്ത്യൻ നിർമിത ഭാഗങ്ങളായിരിക്കും.

ഹാമർ മിസൈലുകളുടെ നിർമാണം, വിതരണം, അറ്റകുറ്റപ്പണി എന്നിവയെല്ലാം ഇതിനു കീഴിലാകും നടത്തുക. വ്യോമസേന ഉപയോഗിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളിലും നാവികസേന വാങ്ങുന്ന റഫാൽ നേവൽ വിമാനങ്ങളിലും പുതിയ ഹാമർ മിസൈലുകൾ ഘടിപ്പിക്കും.

പാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് മേയിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന ഈ ഫ്രഞ്ച് നിർമിത ആയുധം വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഗൽവാൻ സംഘർഷത്തെ തുടർന്ന് 2020-ൽ ചൈനയുമായുള്ള സംഘർഷത്തിനിടെ, ഇന്ത്യ ഈ ആയുധ സംവിധാനം അടിയന്തര സംഭരണ മാർഗത്തിലൂടെ ഓർഡർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *