ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി. സ്മൃതിയുടെ വിവാഹാഘോഷങ്ങള്‍ക്കിടെ ശ്രീനിവാസന് നെഞ്ചു വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവിന്റെ ആരോഗ്യനില മോശമായതോടെ വിവാഹം മാറ്റിവെക്കുന്നതായി പിന്നീട് അറിയിപ്പും ലഭിച്ചു.

പിതാവ് ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയെങ്കിലും വിവാഹത്തെ കുറിച്ചുള്ള പുതിയ അറിയിപ്പൊന്നും സ്മൃതിയുടേയോ ഭാവി വരന്‍ പലാഷ് മുച്ചാലിന്റെയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.

ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു. വിവാഹ ദിവസം രാവിലെ പ്രാതല്‍ കഴിക്കുന്നതിനിടെ ശ്രീനിവാസിന് നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, പിതാവ് ആശുപത്രിയിലായതിനു പിന്നാലെ, സ്മൃതി സോഷ്യല്‍മീഡിയയില്‍ നിന്ന് വിവാഹ ചിത്രങ്ങളും പലാഷിനൊപ്പമുള്ള ചിത്രങ്ങളും റിമൂവ് ചെയ്തതും ചര്‍ച്ചയായിരുന്നു.

സ്മൃതിക്കു പുറമെ, വിവാഹത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും അവരുടെ സോഷ്യല്‍മീഡിയയില്‍ നിന്നും ചിത്രങ്ങളും വീഡിയോയും നീക്കം ചെയ്തിരുന്നു.

പുതിയ വിവാഹ തീയതിയെ കുറിച്ച് താരത്തിന്റെ കുടുംബം ഔദ്യോഗിക അറിയിപ്പും നല്‍കിയിട്ടില്ല. ഇതോടെയാണ് പലവഴിക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിനിടയില്‍ അണുബാധയെ തുടര്‍ന്ന് പലാഷിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *