ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദത്തെയും അധികാരം പങ്കുവെക്കുന്നതിനെയും ചൊല്ലിയുള്ള വിവാദം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കെ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വാക്കാണ് ലേകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും പാർട്ടി നേതൃത്വത്തെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാർ പരാമർശിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ പക്ഷം അവകാശവാദം ഉന്നയിക്കുകയാണ്. 2023 മേയിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായതോടെ ഒരു അധികാര പങ്കുവെക്കൽ കരാറിൽ എത്തിയതായാണ് റിപ്പോർട്ട്.

ഈ കരാർ അനുസരിച്ച് രണ്ടര വർഷത്തിനുശേഷം സിദ്ധരാമയ്യ പദവിയൊഴിയുകയും ശിവകുമാർ മുഖ്യമന്ത്രിയാകുകയും ചെയ്യും. ഈ കരാർ അനുസരിച്ചുള്ള വാക്ക് പാലിക്കണമെന്നാണ് ശിവകുമാർ പക്ഷത്തിന്റെ ആവശ്യം. ആ ആവശ്യം തന്നെയാണ് ശിവകുമാർ ഉന്നയിച്ചിരിക്കുന്നതും.ജഡ്ജിയായാലും, പ്രസിഡന്റായാലും, ഞാനടക്കം മറ്റാരായാലും, എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണം.

വാക്കാണ് ലോകശക്തി. പുറകിൽ നിൽക്കുന്നവർക്ക് കസേരയുടെ വില അറിയില്ല. ആ കസേരയ്ക്ക് എന്ത് വിലയും പ്രാധാന്യവുമാണുള്ളതെന്ന് അവർക്കറിയില്ല. ഒഴിഞ്ഞ കസേര വലിച്ച് അതിലിരിക്കുന്നതിന് പകരം അവർ നിൽക്കുകയാണ്.

എല്ലാ മുതിർന്ന നേതാക്കളും ഇരിക്കുമ്പോൾ, അവർ ഇരിക്കാൻ കൂട്ടാക്കാതെ നിൽക്കുന്നു. നിങ്ങൾക്ക് ഒരു കസേരയും കിട്ടില്ല, നിങ്ങൾ പിന്നിലായിപ്പോകും.” ശിവകുമാർ പറഞ്ഞു. എന്നാൽ, ഒഴിഞ്ഞ കസേര എന്ന് ശിവകുമാർ ഉദ്ദേശിച്ചതെന്ന് വ്യക്തമായിട്ടില്ല.

കാരണം, താൻ സ്ഥാനമൊഴിയാൻ തയ്യാറല്ലെന്നും നിയമസഭയുടെ ശേഷിക്കുന്ന കാലയളവിലും മുഖ്യമന്ത്രിയായിതുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

ശിവകുമാർ ക്യാമ്പിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സിദ്ധരാമയ്യ, ശിവകുമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല, ശിവകുമാറിന്റെ സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷ് എന്നിവർ പങ്കെടുത്ത നീണ്ട ചർച്ചകൾക്ക് ശേഷമാണ് അധികാര പങ്കുവെക്കൽ കരാർ ഉറപ്പിച്ചത്.

ശിവകുമാർ തുടക്കത്തിൽ ആദ്യത്തെ രണ്ടര വർഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, സീനിയോറിറ്റി ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ അത് നിരസിച്ചു. ഒടുവിലത്തെ ഒത്തുതീർപ്പ് പ്രകാരം ആദ്യ പകുതി സിദ്ധരാമയ്യക്ക് ലഭിച്ചു, പിന്നീട് ശിവകുമാർ അധികാരം ഏറ്റെടുക്കുമെന്നായിരുന്നു ധാരണ.

ഇതിനിടെ, നേതൃമാറ്റം ആവശ്യപ്പെട്ട് ശിവകുമാറിനെ അനുകൂലിക്കുന്ന എംഎൽഎമാർ തലസ്ഥാനത്ത് ഒത്തുകൂടിയപ്പോഴും സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവും മുഖ്യമന്ത്രിയുടെ ക്യാമ്പിലെ മുതിർന്ന നേതാവുമായ ബസവരാജ് രായറെഡ്ഡി ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദത്തെ തള്ളിപ്പറഞ്ഞു.

വ്യക്തമായ ഒരു കാരണം ഹൈക്കമാൻഡ് നൽകിയില്ലെങ്കിൽ സിദ്ധരാമയ്യ സ്ഥാനമൊഴിയില്ലെന്ന് രായറെഡ്ഡി കൂട്ടിച്ചേർക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *