യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% തീരുവ ഉടനൊന്നും വെട്ടിക്കുറയ്ക്കില്ലെന്നും അത് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്). ആഗോള കയറ്റുമതിരംഗത്ത് ഇന്ത്യയുടെ പങ്ക് നാമമാത്രമാണെന്നും എങ്കിലും ഈ കനത്ത തീരുവ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും റിപ്പോർട്ടിലുണ്ട്.
അടുത്ത സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചയെയും ട്രംപ് താരിഫ് പിന്നോട്ടടിക്കും.അതേസമയം, ഐഎംഎഫിന്റെ റിപ്പോർട്ടിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഐഎംഎഫിന്റെ വളർച്ചാനിരീക്ഷണം വെറും യാഥാസ്ഥിതികമാണെന്നും ജിഡിപിയിൽ തീരുവയാഘാതം നേരിയതോതിൽ മാത്രമായിരിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.നിലവിൽ പുരോഗമിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകൾ ഇന്ത്യയ്ക്ക് വലിയ കരുത്താവുമെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
ഇന്ത്യയുടെ നടപ്പുവർഷത്തെ ജൂലൈ-സെപ്റ്റംബർപാദ ജിഡിപി വളർച്ചാനിരക്ക് ഇന്നാണ് കേന്ദ്രം പുറത്തുവിടുന്നത്. 7 ശതമാനത്തിൽ കുറയാത്ത വളർച്ച നേടുമെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നുമാണ് വിലയിരുത്തലുകൾ. ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ 5 പാദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വളർച്ചയുമാണത്.
