സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരളം വിജയിച്ചിരുന്നു. ഒഡിഷക്കെതിരെ പത്ത് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും അപരാജിത കൂട്ടുകെട്ടിന്റെ കരുത്തിലാണ് കേരളം ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്.മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയുമായാണ് തിളങ്ങിയത്.
താരം 41 പന്തില്‍ 51 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സിക്സും ആറ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 124.39 എന്നതായിരുന്നു ക്യാപ്റ്റന്റെ സ്‌ട്രൈക്ക് റേറ്റ്.ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിച്ചത്.
ഈ ഇന്നിങ്സോടെ മലയാളി താരം കുറിച്ചത് ടി – 20 ഫോര്‍മാറ്റിലെ തന്റെ 50ാമത്തെ അര്‍ധ സെഞ്ച്വറിയാണ്. 314 മത്സരങ്ങളില്‍ കളിച്ചാണ് താരം ഇത്രയും ഫിഫ്റ്റികള്‍ നേടിയത്.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി – 20 പരമ്പര വരാനിരിക്കെയാണ് സഞ്ജുവിന്റെ ഈ മിന്നും പ്രകടനം. ആ ടീമില്‍ ഒരു സ്ഥാനം എന്നതിന് പുറമെ, അടുത്ത വര്‍ഷം എത്തുന്ന ടി – 20 ലോകക്കപ്പ് ടീമിലും ഇടം നേടാനാവും മലയാളി വിക്കറ്റ് കീപ്പര്‍ ശ്രമിക്കുക
.അതേസമയം, രോഹന്‍ കുന്നുമ്മലും സഞ്ജുവും ഓപ്പണിങ്ങില്‍ 177 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഒഡിഷക്ക് എതിരെ വിജയിച്ചത്. സഞ്ജു ഫിഫ്റ്റി നേടിയപ്പോള്‍ രോഹന്‍ സെഞ്ച്വറിയുമായാണ് മിന്നും പ്രകടനം നടത്തിയത്.60 പന്തില്‍ പത്ത് വീതം സിക്സും ഫോറും
അടക്കം 121 റണ്‍സാണ് രോഹന്റെ സ്‌കോര്‍. ഇരുവരുടെയും പ്രകടനത്തില്‍ 21 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒഡിഷ ഏഴിന് 176 റണ്‍സെടുത്തിരുന്നു. ടീമിനായി ബിപ്ലബ് സാമന്ത്രയ് (41 പന്തില്‍ 53), സാംബിത് കുമാര്‍ സൗരവ് ബരാള്‍ (32 പന്തില്‍ 40) സ്‌കോര്‍ ചെയ്തു.
കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. കെ.എം. ആസിഫ് രണ്ട് വിക്കറ്റും അങ്കിത് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.
