റാഞ്ചി സ്റ്റേഡിയത്തിലെ എംഎസ് ധോണി പവലിയന് മുന്നിലായി ബാറ്റിങ് പരിശീലനത്തിലാണ് വിരാട് കോഹ്ലി. എല്ലാം വീക്ഷിച്ചുകൊണ്ട് രോഹിത് ശര്‍മ സമീപമുണ്ട്. ഇരുവരേയും നിരീക്ഷിച്ച് ബൗളിങ് പരിശീലകൻ മോര്‍ണി മോര്‍ക്കലും.
ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് ആരാധകനേയും പോലെ രോഹിതിനേയും കോഹ്ലിയേയും 2027 ഏകദിന ലോകകപ്പില്‍ കാണാൻ അയാളും ആഗ്രഹിക്കുന്നുണ്ട്. തേച്ചുമിനുക്കി ഇതിഹാസങ്ങള്‍ പുതിയ പകര്‍ന്നാട്ടങ്ങള്‍ക്ക് തയാറാകുകയാണ്.റാഞ്ചിയും റായ്‌പൂരും വിശാഖപട്ടണവും സാക്ഷ്യം വഹിക്കും. റണ്‍സൊഴുകാം, നിരാശപ്പെടേണ്ടി വന്നേക്കാം.
അപ്പോഴും പലവട്ടം ഉയര്‍ന്ന ചോദ്യം വീണ്ടുമെത്തും. ഇനിയെന്ത്, പ്രത്യേകിച്ചും കോഹ്ലിയുടെ കാര്യത്തില്‍. കാരണമുണ്ട്. ടീമില്‍ തുടരാൻ എന്തെങ്കിലും തെളിയിക്കാൻ കോഹ്ലിക്കുണ്ടോ, ഇല്ല. കടന്ന മൂന്നക്കങ്ങളും കീഴടക്കിയ മൈതാനങ്ങളും അതിന് ഉത്തരം നല്‍കും. പക്ഷേ, ആ ഉത്തരം മതിയാകില്ല ബിസിസഐക്ക് എന്നതിന്റെ സൂചനയായിരുന്നു രോഹിതിനോടും കോഹ്ലിയോടും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകാനുള്ള നിര്‍ദേശം.
2027 ലോകകപ്പ് എന്ന ഒറ്റലക്ഷ്യത്തിലാണ് രോഹിത്, ശരീരവും മനസും അതിനായി പാകപ്പെടുത്തി കഴിഞ്ഞു. രോഹിതില്‍ നിന്ന് അകന്നുനില്‍ക്കുന്ന ഏക കിരീടമതാണ്.
അതുകൊണ്ട്, വിജയ് ഹസാരെ മാത്രമല്ല, സയ്‌ദ് മുഷ്‌താഖ് അലി ടൂര്‍ണമെന്റും കളിക്കാമെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചുകഴിഞ്ഞു.
മറുവശത്ത് കോഹ്ലിയില്‍ നിന്ന് അത്തരമൊരു തീരുമാനമോ അറിയിപ്പോ ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അന്തരീക്ഷത്തിലില്ല. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷമാണ് വിജയ് ഹസാരെ എത്തുന്നത്, പിന്നാലെ ജനുവരിയില്‍ ന്യൂസിലൻഡ് പരമ്പര.
