റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തയാഴ്ച ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്താനിരിക്കേ, പ്രതിരോധരംഗത്ത് പുതിയ കുതിപ്പിന് ഇന്ത്യയുടെ ഒരുക്കം. റഷ്യയെ ചേർത്തുനിർത്തിത്തന്നെ, അമേരിക്കയുമായും പ്രതിരോധ രംഗത്ത് കൈകോർത്ത് മുന്നോട്ടുപോകുകയാണ് ഇന്ത്യ. എംഎച്ച് 60ആർ ഹെലികോപ്റ്ററുകളുടെ നവീകരണത്തിനും അനുബന്ധ സേവനങ്ങൾക്കുമായി യുഎസുമായി ഇന്ത്യ 8,000 കോടി രൂപയുടെ കരാർ ഒപ്പുവച്ചു.
ഇന്ത്യൻ നേവി യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്റകളാണിവ.ഇന്ത്യയ്ക്ക് ഏകദേശം 1,000 കോടി രൂപ മതിക്കുന്ന ആയുധങ്ങൾ വിൽക്കാൻ അമേരിക്ക അനുമതി നൽകിയതിന് പിന്നാലെയാണ് ഈ കരാർ. എക്സ്കാലിബർ പ്രിസിഷൻ അമ്യുണിഷൻ (ഷെല്ലുകൾ), ജാവലിൻ മിസൈൽ സംവിധാനം എന്നിവയാണ് ഈ കരാർ പ്രകാരം അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുക.
ടാങ്കുകളെ അനായാസം തകർക്കാൻ സഹായിക്കുന്ന മിസൈലുകളാണ് ജാവലിൻ.ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുമായി പുട്ടിൻ കൂടിക്കാഴ്ച നടത്തും. തന്ത്രപരമായ വ്യാപാര, പ്രതിരോധ ഇടപാടുകൾ ചർച്ചയാകും. രൂപ-റൂബിൾ ഇടപാടുകളിൽ ഉഭയകക്ഷി വ്യാപാരം നടത്തുന്നതിന് മുഖ്യ ഊന്നലുണ്ടാകും.
റഷ്യയിൽ നിന്ന് അധികമായി എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതും പരിഗണിക്കും. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു ഇവ. റഷ്യയിൽ നിന്ന് എസ്‍യു-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നതും ചർച്ചയായേക്കും.
