എറണാകുളം: കളമശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സൂരജ് ലാമയുടേതാണ് മൃതദേഹം എന്ന് പ്രാഥമിക നിഗമനം. അഴുകിയ നിലയിലാണ് മൃതദേഹമുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

കുവൈറ്റില്‍ നിന്ന് നാടു കടത്തപ്പെട്ട് കൊച്ചിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെയാണ് ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാതായത്. മറവി രോഗമുള്ള സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ബെംഗളൂരുവില്‍ താമസക്കാരനും 59കാരനുമായ സൂരജ് ലാമ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍എത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടയാളെയാണ് കൊച്ചിയിലേക്ക് അയച്ചത്.കുവൈത്തില്‍ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തനിരയായതിന് പിന്നാലെയാണ് സൂരജ് ലാമയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്.

ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് മെട്രോ ഫീഡര്‍ ബസില്‍ ആലുവ മെട്രോ സ്‌റ്റേഷനില്‍ എത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അത് കഴിഞ്ഞ് ഒക്ടോബര്‍ പത്തിന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ഇതിനിടെയാണ് സൂരജ് ലാമയുടെ കുടുംബം പൊലീസില്‍ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ സൂരജിന്റെ മകന്‍ അയാളെ അന്വേഷിച്ച് കേരളത്തിലെത്തിയിരുന്നു. മറവി രോഗമുള്ള സൂരജിനെ നാട്ടിലേക്ക് അയച്ചപ്പോള്‍ വീട്ടില്‍ അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *