ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 17 റൺസ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‍ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ 18 റൺസെടുത്ത യശസ്വി ജയ്സ്വാളിനെ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി.

പിന്നാലെ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ക്രീസിലൊന്നിച്ചതോടെ ഇന്ത്യൻ സ്കോറിങ് അനായാസം മുന്നോട്ടുചലിച്ചു. 51 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതം 57 റൺസാണ് രോഹിത് നേടിയത്. കോഹ്‍ലിയോടൊപ്പം രണ്ടാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് രോഹിത് പുറത്തായത്.

അധികം വൈകാതെ വിരാട് കോഹ്‍ലിയുടെ 83-ാം അന്താരാഷ്ട്ര സെഞ്ച്വറി പിറന്നു. ഏകദിന ക്രിക്കറ്റിൽ കോഹ്‍ലിയുടെ 52-ാം സെഞ്ച്വറിയാണിത്. 120 പന്തിൽ 11 ഫോറും ഏഴ് സിക്സറും സഹിതം 135 റൺസുമായാണ് ഇതിഹാസ താരം പുറത്തായത്. കെ എൽ രാഹുലുമായി ചേർന്ന് അഞ്ചാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് കോഹ്‍ലി പുറത്തായത്.

നിർണായക സംഭാവന നൽകിയ കെ എൽ രാഹുൽ 56 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം 60 റൺസെടുത്തു. അവസാന ഓവറുകളിൽ രാഹുലിന് പിന്തുണ നൽകിയ രവീന്ദ്ര ജഡേജ 20 പന്തിൽ രണ്ട് ഫോറും ഒരു സിക്സറും സഹിതം 35 റൺസുമെടുത്തു.

ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ മാർകോ ജാൻസൻ, നന്ദ്ര ബർ​ഗർ, കോർബിൻ ബോഷ്, ഒട്ട്നീൽ ബാർട്ട്മാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ മുൻനിര അതിവേ​ഗം വീണു. രണ്ടാം ഓവറിൽ തന്നെ റൺസെടുക്കാതെ റയാൻ റിക്ലത്തണും ക്വിന്റൺ ഡികോക്കും ഹർഷിത് റാണയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഏഴ് റൺസുമായി ക്യാപ്റ്റൻ എയ്ഡൻ മാർക്രം കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിലായി.

പിന്നാലെ മാത്യൂ ബ്രീത്സ്കെയാണ് ദക്ഷിണാഫ്രിക്കയ്ക്കായി പോരാട്ടം തുടങ്ങിയത്.ടോണി ഡി സോർസിയെ കൂട്ടുപിടിച്ച് ബ്രീത്സ്കെ സ്കോർബോർഡ് മുന്നോട്ടുചലിപ്പിച്ചു. 39 റൺസെടുത്ത സോർസിയെ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ നാലിന് 77 എന്ന നിലയിലെത്തി

. പിന്നീട് ഡിവാൾഡ് ബ്രെവീസും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 37 റൺസ് മാത്രമാണ് നേടിയത്.
10:30 pm
ദക്ഷിണാഫ്രിക്കൻ സ്കോർ അഞ്ചിന് 130 എന്ന നിലയിലാണ് ബ്രീത്സ്കെയും മാർകോ ജാൻസനും ക്രീസിലൊന്നിച്ചത്. 80 പന്തിൽ എട്ട് ഫോറും ഒരു സിക്സറും സഹിതം 72 റൺസാണ് ബ്രീത്സ്കെയുടെ സമ്പാദ്യം. 39 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറും സഹിതം ജാൻസൻ 70 റൺസെടുത്തു.

ഇരുവരും ചേർന്ന ആ​റാം വിക്കറ്റിൽ 97 റൺസ് പിറന്നു. രണ്ടുപേരെയും ഒരോവറിൽ മടക്കി കുൽദീപ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നെങ്കിലും കോർബിൻ ബോഷ് കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *