ആലപ്പുഴ: കായംകുളം കളരിക്കലിൽ മകൻ്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ ആണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു നവജിത്ത് നടരാജൻ.

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ പിതാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം.

രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്നും പ്രശ്നമുണ്ടാവുകയായിരുന്നു. വീട്ടിൽ നിന്ന് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.

മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. അഭിഭാഷകൻ ആണ് മകൻ നവജിത്ത് നടരാജൻ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *