ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ന് ബെംഗളൂരു സെന്റർ ഓഫ് എക്സലൻസിയിലെത്തും. ഡിസംബർ ഒന്ന്, രണ്ട് തിയതികളിലായി ബെംഗളൂരുവിലേക്കെത്താനായിരുന്നു ഗില്ലിന് ലഭിച്ചിരുന്ന നിർദ്ദേശം. അടുത്ത ദിവസങ്ങളിൽ തന്നെ താരം ബാറ്റിങ് പരിശീലനം ആരംഭിക്കുമെന്നാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശുഭ്മൻ ഗില്ലിന് ഇടം ലഭിക്കുമോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
ഡിസംബർ ഒമ്പത് മുതലാണ് ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. നിലവിൽ ഇന്ത്യൻ ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്ററുമാണ് ശുഭ്മൻ ഗിൽ. താരം കളിച്ചില്ലെങ്കിൽ സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ട്വന്റി 20 ടീമിന് പുതിയ വൈസ് ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും.
നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗിൽ കളിക്കുന്നില്ല. കെ എൽ രാഹുലാണ് ഗില്ലിന് പകരം ഏകദിന ടീമിനെ നയിക്കുന്നത്. ടെസ്റ്റ് ടീമിനെ ഗില്ലിന്റെ അഭാവത്തിൽ റിഷഭ് പന്തും നയിച്ചിരുന്നു
