ഇസ്താംബുൾ: ഇസ്രഈൽ- ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന വത്തിക്കാന്റെ നിലപാട് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇരുവിഭാഗത്തിനും നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരേയൊരു വഴി അതാണെന്നും മാർപാപ്പ പറഞ്ഞു.
ഇസ്രഈലിനും ഫലസ്തീനികൾക്കുമിടയിൽ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന വത്തിക്കാന്റെ ദീർഘകാലമായുള്ള നിലപാടാണിതെന്ന് ആദ്യ അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി തുർക്കിയിൽ നിന്നും ലെബനനിലേക്കുള്ള യാത്രാമധ്യേ മാർപാപ്പ പറഞ്ഞു.
സംഘർഷഭരിതമായ ജീവിതത്തിന് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു പരിഹാരമാണിതെന്നും എന്നാൽ ഇസ്രഈൽ ഈ പരിഹാരമിപ്പോൾ അംഗീകരിക്കില്ലെന്ന് തങ്ങൾക്ക് അറിയാമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
ഇസ്രഈൽ ഫലസ്തീൻ, റഷ്യ ഉക്രൈൻ സംഘർഷങ്ങളെ കുറിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ചർച്ച നടത്തിയെന്നും രണ്ട് സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിൽ തുർക്കി പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
